ആലുവ: നീന്തൽ പരിശീലനം അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായി സിലബസിൽ ഉൾപ്പെടുത്തണമെന്ന ആഹ്വാനമായി പൂർണ്ണമായും കാഴ്ചപരിമിതനായ 11 വയസുകാരനും സ്കൂൾ പ്രധാന അദ്ധ്യാപികയും പെരിയാർ കുറുകെ നീന്തികടന്നു.
കീഴ്മാട് അന്ധവിദ്യാലയത്തിലെ ആറാം ക്ളാസുകാരനായ മനോജ് പെരിയാറിലെ ഏറ്റവും ആഴവും ഒഴുക്കും കൂടിയ ഭാഗം കുറുകെ നീന്തിയതിനു പിന്നാലെയാണ് ഇതേ വിദ്യാലയത്തിലെ പൂർണ്ണമായും കാഴ്ചയില്ലാത്ത11 വയസുകരൻ ഐബിൻ സി. തോമസിനൊപ്പം പ്രധാന അദ്ധ്യാപിക ജിജി വർഗീസും പെരിയാറിന് കീഴടക്കിയത്.
ഇന്നലെ രാവിലെ ആലുവ അദ്വൈതാശ്രമം കടവിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.രമേശ് ഫ്‌ളാഗ് ഓഫ് ചെയ്തു. 22 മിനിറ്റ് കൊണ്ട് ശിവരാത്രി മണപ്പുറത്ത് സംഘമെത്തിയപ്പോൾ അന്ധവിദ്യാലയത്തിലെ കുട്ടികളും നാട്ടുകാരുമെല്ലാം ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.
കീഴ്മാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, അന്ധവിദ്യാലയം മാനേജർ വർഗീസ് അലക്‌സാണ്ടർ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
ആലുവ സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഐബിൻ സി. തോമസ് മെഡിക്കൽ ബിസിനസുകാരനും പി.ടി.എ പ്രസിഡന്റുമായ തോമസിന്റെയും കീഴ്മാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനി തോമസിന്റെയും മകനാണ്. അപകടത്തെ തുടർന്ന് നാലാം വയസിലാണ് ഐബിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സ്കൂൾ പ്രവൃത്തി പരിചയ മേഖലകളിൽ സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. മിമിക്രി, ക്വിസ് എന്നിവയിലും ജേതാവാണ്.
2018ലെ പ്രളയത്തിൽ വീടുകളിലേക്ക് പോകുവാൻ കഴിയാതിരുന്ന തന്റെ സ്‌കൂളിലെ 30 കുട്ടികളുടെ മാതാപിതാക്കളുടെ ആശങ്കകളാണ്കാഴ്ച പരമിതരായ തന്റെ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതെന്ന് പ്രധാന അദ്ധ്യാപിക ജിജിവർഗീസ് അഭിപ്രായപ്പെട്ടു. ആലുവ വാളശേരിൽ നീന്തൽ ക്ളബിലെ സജിയുടെ നേതൃത്വത്തിലായിരുന്നു ഐബിൻ സി. തോമസിന്റെ നീന്തൽ പരിശീലനം.