# ഖൗലത്തിനോട് അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനം ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടു
തൃക്കാക്കര : പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും കേസിലെ പ്രതിയുമായ സി.പി.എം നേതാവ് എം.എൻ. അൻവറിന്റെ ഭാര്യ ഖൗലത്ത്, അറസ്റ്റിലായ മഹേഷിന്റെ ഭാര്യ നീതു എന്നിവരെ കൂടി വിജിലൻസ് പ്രതി ചേർത്തു. ഖൗലത്തിനോട് ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം രാജിവയ്ക്കാൻ സി.പി.എം ആവശ്യപ്പെട്ടു.
അയ്യനാട് ബാങ്കിലൂടെയാണ് പ്രളയഫണ്ടിൽ നിന്നുള്ള 10.54 ലക്ഷം രൂപ കൈമാറിയത്. ആരുടേതെന്ന് പറയാതെ ബാങ്കിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുക അൻവർ ആവശ്യപ്പെട്ടതനുസരിച്ച് ഇയാളുടെ അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു.
അൻവറിനും ഭാര്യ ഖൗലത്തിനും അയ്യനാട് ബാങ്കിൽ ജോയിന്റ് അക്കൗണ്ടാണുള്ളത്. അതുകൊണ്ടാണ് ഇവരെയും പ്രതിയാക്കിയത്.
ഈ അക്കൗണ്ടിൽ നിന്ന് മഹേഷിന്റെ ഭാര്യ നീതുവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിനാൽ അവരും പ്രതിയായി.
മഹേഷ് പൊലീസിന് കൊടുത്ത മൊഴിയിൽ നിധിനും ഭാര്യക്കും കേസിൽ പങ്കില്ലെന്നും വിഷ്ണു പ്രസാദിന്റെ നിർദേശത്തെത്തുടർന്നാണ് തന്റെ സുഹൃത്തുക്കളായ ഇവരുടെയും അൻവറിന്റെയും അക്കൗണ്ടിലേക്ക് തുക മാറ്റിയതെന്നും മൊഴിയിലുണ്ട്. ഇരുവരെയും മാപ്പ് സാക്ഷിയാക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
നിധിൻ (30), ഭാര്യ ഷിന്റു(27), രണ്ടാം പ്രതിയും സൂത്രധാരനുമായ മഹേഷ് എന്നിവരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ മാസം 17 വരെ റിമാൻഡു ചെയ്തു. ഷിന്റുവിനെ കാക്കനാട് വനിതാ ജയിലിലേക്കും മറ്റ് രണ്ട് പേരെയും മൂവാറ്റുപുഴ സബ് ജയിലിലേക്കുമാണ് മാറ്റിയത്.ഇവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.
കേസിൽ ഇപ്പോൾ ഏഴ് പ്രതികൾ
1. എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദ്
2. വിഷ്ണുവിന്റെ സുഹൃത്തും സൂത്രധാരനുമായ ബി. മഹേഷ്
3. സി.പി.എം നേതാവ് എം.എം അൻവർ
4. അൻവറിന്റെ ഭാര്യ അയ്യനാട് ബാങ്ക് ഡയറക്ടറുമായ ഖൗലത്ത്
5. മഹേഷിന്റെ ഭാര്യ നീതു
6. സി.പി.എം നേതാവ് എൻ.എൻ നിധിൻ
7. നിധിന്റെ ഭാര്യ ഷിന്റു