കളമശേരി: എറണാകുളം ഗവ മെഡിക്കൽ കോളേജിൽ ശരീര വേദനയുമായി ചെന്ന രോഗിയെയും സഹോദരനെയും സുഹൃത്തിനെയും പ്രതിയാക്കി കളമശേരി പൊലീസ് കേസെടുത്തു . അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് ചെന്ന രോഗിയ്ക്ക് മതിയായ പരിചരണം ലഭിക്കാത്തത് ചോദ്യം ചെയ്തതിനാണ് ഇവരെ കേസിൽ പെടുത്തിയതെന്നാണ് ആരോപണം.

ബുധനാഴ്ച രാത്രി ഏഴു മണിയോടെ കാഷ്വാലിറ്റിയിൽ ശരീര വേദനയുമായി എത്തിയ സാദത്തിന് മതിയായ ചികിത്സ ലഭിച്ചില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓർത്തോ വിഭാഗം ഹൗസ് സർജൻ ഡോ.പിന്റൊയോട് രോഗിയുടെ വിവരങ്ങൾ പറഞ്ഞ് ചെന്ന സഹോദരനോട് ഡോക്ടർ മോശമായി പെരുമാറി. തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ഡോക്ടർ ഇവരുടെ ഫോൺ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നൽകിയ പരാതി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കൂടാതെ ഹൗസ് സർജന്റെ പരാതിയിൽ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. കോമ്പാറ സ്വദേശികളായ സാദത്ത് (39), സഹോദരൻ സുബൈർ (34), സുഹൃത്ത് ആഫിസ് (21) എന്നിവരാണ് കേസിൽ റിമാൻറിലായത്. വിഷയത്തിൽ പോലീസിനെതിരെയും ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.