രജിസ്ട്രാർ നിയമനത്തിന് സമ്മർദ്ദം

സംവരണ സമുദായങ്ങൾക്ക് വിന

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) യുടെ രജിസ്ട്രാർ നിയമനത്തിൽ ഭരണാനുകൂല അദ്ധ്യാപക സംഘടനയുടെ ഇടപെടൽ. ഉയർന്ന പദവികളിൽ സംവരണം നിഷേധിക്കപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പുതിയ രജിസ്ട്രാറെ കണ്ടെത്താൻ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചതോടെയാണ് സി.പി.എം അനുകൂല സംഘടനയായ കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ തങ്ങളുടെ അംഗങ്ങളിലൊരാൾക്ക് നിയമനം നൽകണമെന്ന് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനനോട് രേഖാമൂലം ആവശ്യപ്പെട്ടത്.

അസോസിയേഷനിൽ അംഗങ്ങളായ മൂന്നു പേരാണ് രജിസ്ട്രാർ അഭിമുഖത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ടുപേർ അസോസിയേഷന്റെ മുൻ സെക്രട്ടറിമാരാണ്. ഒരാൾ വനിതയും. കുസാറ്റിന്റെ സ്വാശ്രയ സ്ഥാപനത്തിലെ ഒരു അദ്ധ്യാപകനുമുണ്ട്. മറ്റുള്ളവർ സർവകലാശാലയ്ക്ക് പുറത്തെ കോളേജുകളിലുള്ളവരാണ്.

# തുടക്കം കേരളയിൽ

കേരള സർവകലാശാലയിൽ ആരംഭിച്ച് ഏറ്റവുമൊടുവിൽ എം.ജി സർവകലാശാലയിലും വിജയിച്ച തന്ത്രമാണ് സംഘടനകൾ കുസാറ്റിലും പ്രയോഗിക്കുന്നത്. ഭൂരിപക്ഷം സർവകലാശാലകളിലും വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ പദവികളിൽ അദ്ധ്യാപകരാണ് നിയമിതരായത്. എം.ജി സർവകലാശാലയിൽ ഭരണാനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹികളാണ് വൈസ് ചാൻസലർ, രജിസ്ട്രാർ പദവികൾ നേടിയത്.

നിയമനങ്ങളിൽ മറ്റാരെയും പരിഗണിക്കുക പോലും ചെയ്തില്ലെന്ന് മറ്റു ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

# അഭിമുഖത്തിന് സമിതി

വൈസ് ചാൻസലർ, രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ, വിദഗ്ദ്ധാംഗങ്ങൾ എന്നിവർ ഉൾപ്പെട്ട പാനൽ അഭിമുഖത്തിൽ നിന്ന് ഏതാനും പേരുടെ പാനൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. അവയിൽ നിന്ന് ഒരാളെ സർക്കാർ ശുപാർശ ചെയ്യും. സിൻഡിക്കേറ്റാണ് നിയമനം നൽകുക.

# സംവരണ സമുദായങ്ങൾ പിന്തള്ളപ്പെടും

അദ്ധ്യാപക സംഘടനകളുടെ സമ്മർദ്ദം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സമുദായാംഗങ്ങൾക്ക് തിരിച്ചടിയുമാണ്. സംഘടനകളുടെ ശുപാർശയിൽ സംവരണ സമുദായാംഗങ്ങൾ ഉൾപ്പെടാറില്ല. അഥവാ, ഉൾപ്പെട്ടാലും ഒഴിവാക്കാൻ കാരണങ്ങൾ കണ്ടുപിടിക്കുകയാണ് പതിവ്.

കൊച്ചി സർവകലാശാലയിൽ വൈസ് ചാൻസലർ പദവിയിലേയ്ക്ക് ഭാഷാ അദ്ധ്യാപകനായ ഡോ. ശശിധരനെ പരിഗണിച്ചെങ്കിലും അവസാനം ഒഴിവാക്കി. പട്ടികജാതിയിൽപ്പെട്ട അദ്ദേഹത്തെ വൈസ് ചാൻസലറാക്കാൻ സർക്കാരിനും താല്പര്യമുണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക സർവകലാശാലയായതിനാൽ ആ രംഗത്തു നിന്നുള്ളവർ മതിയെന്ന് തീരുമാനിച്ചായിരുന്നു നിഷേധം.കുസാറ്റിന്റെ ആദ്യ വൈസ് ചാൻസലർ പ്രൊഫ. ജോസഫ് മുണ്ടശേരി ഭാഷാ അദ്ധ്യാപകനായിരുന്ന കാര്യം ഇപ്പോൾ ആരും ഓർക്കുന്നില്ല.