ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് കണിയാംകുന്ന് പുതുവൽപ്പറമ്പിൽ ശാന്ത അയ്യപ്പന് ആള് നിസാരക്കാരിയല്ല. കടും പച്ച പാന്റും ഇൻസർട്ട് ചെയ്ത ഷർട്ടും പൊലീസ് തൊപ്പിയും ഷൂവും ധരിച്ച് ചന്ദനകുറിയുമായി അഞ്ച് കിലോമീറ്ററോളം സൈക്കിൾ ചവിട്ടി ആലുവ നഗരത്തിലേക്ക് വരുന്ന ശാന്ത ആരുടെയും കണ്ണിൽപ്പെ
ാതെ പോകില്ല.
ദുരിതങ്ങൾക്ക് മീതെ പതറാതെ ചവിട്ടി കയറിയ ജീവിതകഥയുണ്ട് ഈ 65കാരിയുടെ മനസിൽ. കണിയാംകുന്നിൽ സർക്കാർ അനുവദിച്ച നാല് സെന്റ് കോളനിയിലായിരുന്നു ജനനം. അശോകപുരം മനക്കപ്പടി സ്വദേശിയും കോൺഗ്രസ് പ്രവർത്തനുമായിരുന്ന അയ്യപ്പൻ വിവാഹം കഴിച്ചെങ്കിലും ഇവർ കണിയാംകുന്ന് വിട്ടുപോയില്ല. വർഷങ്ങൾക്ക് മുമ്പ് അയ്യപ്പൻ മരിച്ചു. മകൻ മുരളി വിവാഹം ശേഷം ഭാര്യക്കൊപ്പം കോഴിക്കോടാണ്. വിവാഹിതയായ മകൾ സീമയും കൊച്ചുമകൾ കോകിലയുമാണ് ഇപ്പോൾ ശാന്തക്കൊപ്പം. 15 വർഷമായി നഗരത്തിലെ വിവിധ വ്യാപാര സമുച്ചയങ്ങളിൽ സെക്യൂരിറ്റി ജോലി ചെയ്യുകയാണ്ശാന്ത. പത്ത് വർഷമായി ബാങ്ക് കവലയിലെ റോയൽ പ്ളാസയിലാണ് ജോലി.തികഞ്ഞ കലാകാരികൂടിയാണ് ശാന്ത. ചെണ്ട, ചിന്ത്, ഉടുക്ക് എന്നിവയെല്ലാം വഴങ്ങും.പുറമെ ഓണക്കളിയും നാടൻ പാട്ടും. ഓണം പിറന്നാൽ ഓണക്കളിയും വൃശ്ചികമാസം പിറന്നാൽ ചിന്തിന്റെയും തിരക്കിലായിരിക്കും ശാന്ത.
അയൽവീടുകളിലെ മാവും പുളിയുമെല്ലാം ഈ പെൺകരുത്തിന് മുന്നിൽ ശിരസ്കുനിക്കും. പുരുഷന്മാർ കയറുന്നതിലും വേഗത്തിൽ മരത്തിൽ കയറുന്നയാളാണ്. പക്ഷേ കൂലി കൃത്യമായിരിക്കണം. പുരുഷന്മാർ മാത്രം ചെയ്യുമെന്ന് പൊതുസമുഹം ധരിക്കുന്ന ജോലികൾ സ്ത്രീകൾക്കും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ശാന്ത.