കൊച്ചി: ഇതുവരെ കണ്ടിട്ടില്ലാത്ത മുച്ചക്ര വാഹന റേസിംഗ് കൊച്ചിയിലും. ഈമാസം 10 ന് പനമ്പിള്ളി നഗറിലെ കെ.എം.എ ഹാളിൽ റേസിംഗ് ലീഗിന് തുടക്കമാകും.
ഓട്ടോറിക്ഷകളുടെ രൂപഭാവത്തിലാണ് റേസിംഗ് മുച്ചക്രവാഹനങ്ങൾ. സാധാരണ ഓട്ടോറിക്ഷയിൽ രൂപമാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിൽ ഓടിക്കുന്നത്. വിദേശങ്ങളിൽ ഇത്തരം റേസിംഗിന് പ്രത്യേക വാഹനങ്ങളുണ്ട്. അഞ്ചു തരം റേസിംഗുകളാണ് നിലവിലുള്ളത്.
# സൂപ്പർ
ഫോർമുല വൺ റേസിംഗ് കാറുകളുടെ മാതൃകയിൽ പ്രത്യേകം നിർമ്മിച്ച മുച്ചക്ര വാഹനം. പ്രത്യേക ട്രാക്കുകളിലാണ് ഇവ ചീറിപ്പായുക. മണിക്കൂറിൽ നൂറു കിലോമീറ്ററിലധികം വേഗത.
# സ്റ്റോക്ക് ഓട്ടോ
നാടൻ ഓട്ടോറിക്ഷകളെ റേസിംഗിനായി രൂപമാറ്റം വരുത്തി പരിഷ്കരിച്ചവ. പ്രത്യേക ട്രാക്കുകളിലും പൊതുനിരത്തുകളിലും പറപറക്കും.
# ഓട്ടോക്രോസ്
സാധാരണ ഓട്ടോറിക്ഷകൾ ഉപയോഗിച്ച് നടത്തുന്ന ഒഫ് റോഡ് റേസിംഗ്.
# റിക്ക്ഷോ
ജിംഖാനകളുടെ മാതൃകയിൽ പ്രത്യേകം തയ്യാറാക്കുന്ന ട്രാക്കുകളിൽ നടത്തുന്ന ഓട്ടോകളുടെ സ്കിൽ റൈഡിംഗ് ടെസ്റ്റുകൾ.
# ഇലക്ട്രിക് ഓട്ടോകളും
ഇലക്ട്രിക് ഓട്ടോകൾക്കുൾപ്പെടെ റേസിംഗ്, നോൺ റേസിംഗ് മത്സരങ്ങൾ നടത്തുമെന്ന് സംഘാടകരായ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു. മോട്ടോർ സ്പോർട്സ് വിദഗ്ദ്ധൻ പ്രിഥ്വിരാജ്, കാറോട്ടതാരം പി.ജി. അഭിലാഷ്, കേരള ഓട്ടോമൊബൈൽസ് മാനേജിംഗ് ഡയറക്ടർ ഷാജഹാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.