credai1
ക്രെഡായ് കേരള ദ്വദിന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു. കൃഷ്ണകുമാർ, നാഗരാജ് റെഡ്ഡി, പ്രകാശ് ചെല്ല, എസ്.എൻ രഘുചന്ദ്രൻ നായർ, എം.വി. ആന്റണി എന്നിവർ സമീപം

കൊച്ചി: മൂന്ന് വർഷത്തിനകം കേരളത്തിലെ അമ്പത് ശതമാനം ബിൽഡർമാർ ഇല്ലാതാകുമെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് സേവനദാതാക്കളായ അനറോക്കിന്റെ ചെയർമാൻ അനുജ് പുരി പറഞ്ഞു. രാജ്യത്തെ 80 ശതമാനം ബിൽഡർമാർക്കും നിലനിൽപ്പില്ലാതെയാകും. ചെറുകിട ബിൽഡർമാർക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രെഡായ് സംസ്ഥാന സമ്മേളനത്തിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.

ഇന്ത്യയിൽ ആകെ വിൽക്കുന്നത് 2,20,000 യൂണിറ്റുകളാണ്. ബിൽഡർമാരുടെ കണക്കെടുക്കുമ്പോൾ പ്രതിമാസം ഒന്ന് എന്ന കണക്കിൽ പോലും എത്തില്ല. ഗുണമേന്മയും വിശ്വാസ്യതയുമുള്ള ബിൽഡർമാരേ നിലനിൽക്കൂ.

സ്ഥലവില, സ്ഥലലഭ്യത കുറവ് എന്നിവയെല്ലാം കേരളം നേരിടുന്ന കനത്ത വെല്ലുവിളികളാണ്. നികുതി ഭാരവും തിരിച്ചടിയാണ്. നികുതി നിരക്കുകൾ വിലയേയും സ്വാധീനിക്കുന്നതിനാൽ വീടുകൾ വാങ്ങുന്നതിനേക്കാൾ വാടകയിലേക്ക് നീങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാക്കുന്നു. വായ്പയോ തവണകളായോ തിരിച്ചടവ് വരുമ്പോൾ എട്ട് മുതൽ പത്ത് ശതമാനം വരെ പലിശ വേണ്ടി വരുമ്പോൾ വാടക വീടാണെങ്കിൽ രണ്ട് ശതമാനം ചെലവാകൂവെന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ലാഭകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഉദ്ഘാടനം ചെയ്തു

ക്രെഡായ് കേരള ദ്വദിന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്രെഡായ് ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് നാഗരാജ് റെഡ്ഡി, ക്രെഡായ് മുൻ ദേശീയ ഉപാദ്ധ്യക്ഷന്മാരായ പ്രകാശ് ചെല്ല, എസ്.എൻ രഘുചന്ദ്രൻ നായർ, ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി എന്നിവർ സംസാരിച്ചു.