കൊച്ചി: എസ്.ആർ.എം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ കൊച്ചി നഗരസഭയ്ക്കും വാട്ടർ അതോറിറ്റിക്കും നാണം തോന്നുന്നില്ലേയെന്ന് ഹൈക്കോടതിയുടെ വിമർശനം. റോഡിന്റെ ദയനീയ സ്ഥിതി കണ്ട് കോടതിക്ക് നാണം തോന്നുന്നെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. നഗരത്തിലെ റോഡുകൾ ജനുവരി 31 നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന ഉത്തരവു പാലിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിമർശനമുന്നയിച്ചത്. മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും അമിക്കസ് ക്യൂറി റിപ്പോർട്ടും ഹൈക്കോടതി പരിഗണിച്ചു.

തകർന്നു കിടക്കുന്ന എസ്.ആർ. എം റോഡ് ശ്വാസകോശ രോഗങ്ങൾ മാത്രമല്ല, പ്രദേശവാസികൾക്ക് വൃക്കരോഗമുൾപ്പെടെ നൽകുമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. റോഡു നന്നാക്കാൻ നഗരസഭക്ക് ഫണ്ടില്ലെന്നാണ് പറയുന്നത്. ലോകം മുഴുവൻ കൊറോണയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കൊച്ചി നഗരത്തിന് റോഡുകളുടെ ദയനീയ സ്ഥിതി ചർച്ച ചെയ്യേണ്ട ദുർഗതിയാണെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തിലെ റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി മാർച്ച് പത്തിന് വീണ്ടും പരിഗണിക്കും.

 എൻജിനീയർമാർ നേരിട്ട് ഹാജരാകണം

നഗരസഭയുടെ അഞ്ച് സോണുകളിലെയും എക്സിക്യൂട്ടീവ് എൻജിനീയർമാരും സബ് എൻജിനീയർമാരും മാർച്ച് പത്തിന് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നഗരസഭാ സെക്രട്ടറിയെയും വിളിച്ചു വരുത്തേണ്ടി വരും. റോഡിന്റെ നിലവിലെ സ്ഥിതി എന്താണ് ? ശോച്യാവസ്ഥ പരിഹരിക്കാൻ എന്തു നടപടികൾ സ്വീകരിച്ചു ? ഇക്കാര്യങ്ങൾ വിശദീകരിക്കണം. കൊച്ചി നഗരത്തിലെ നഗരസഭാ റോഡുകളും ആറ് പൊതുമരാമത്ത് റോഡുകളും ഗതാഗതയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറിമാർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങളെ പേടി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. തകർന്ന റോഡുകളിലൂടെ ഗതാഗതം അനുവദിക്കുന്നതെന്തിനാണ് ? ബദൽ റോഡുകൾ തുറന്നു കൊടുക്കുകയല്ലേ വേണ്ടതെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.

 ഫണ്ടില്ലെന്ന വാദം ശരിയല്ലെന്ന് സർക്കാർ

നഗരത്തിലെ റോഡുകളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ നഗരസഭക്ക് ഫണ്ടില്ലെന്ന വാദം ശരിയല്ലെന്ന് സർക്കാർ വിശദീകരിച്ചു. വരുമാനം കുറഞ്ഞ കണ്ണൂർ നഗരസഭയ്ക്ക് പോലും സ്വന്തം നിലയിൽ ഫണ്ടു കണ്ടെത്താൻ കഴിയുന്നുണ്ട്. ഇതിനു പുറമേ സർക്കാരിന്റെ ഫണ്ടും നഗരസഭക്ക് ലഭിക്കുന്നുണ്ട് - സർക്കാർ വിശദീകരിച്ചു.