കൊച്ചി: പേരണ്ടൂർ കനാൽ കടന്നു പോകുന്ന കമ്മട്ടിപ്പാടത്ത് റെയിൽവെ ലൈനുകൾ ഉയർത്തി കലുങ്ക് സ്ഥാപിക്കുന്ന കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പേരണ്ടൂർ കനാലിലെ നീരൊഴുക്ക് പുന സ്ഥാപിച്ച് നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശികളായ ബി. വിജയകുമാർ, കെ.ജെ. ട്രീസ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കമ്മട്ടിപ്പാടത്ത് പേരണ്ടൂർ കനാലിന്റെ വീതി ഒരുമീറ്റർ മാത്രമാണെന്ന് നിരീക്ഷണ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർദ്ദേശം. മാർച്ച് പത്തിന് ഹർജി വീണ്ടും പരിഗണിക്കും.
റെയിൽവെ 16 പദ്ധതികൾക്ക് അനുമതി നൽകി
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി റെയിൽവെ ഭൂമിയുമായി ബന്ധപ്പെട്ട 16 പ്രവൃത്തികൾക്ക് റെയിൽവെ അധികൃതർ അനുമതി നൽകിയെന്നും കമ്മട്ടിപ്പാടത്തെ കലുങ്ക് നിർമ്മാണത്തെക്കുറിച്ച് ഇതിൽ പറയുന്നില്ലെന്നും നിരീക്ഷണ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 202 പ്രവൃത്തികളാണ് ആകെയുള്ളത്. ഇതിൽ 36 എണ്ണത്തിനു കൂടി ഭരണാനുമതി നൽകിയിട്ടുണ്ട്. നേരത്തെ 33 പ്രവൃത്തികൾക്ക് അനുമതി നൽകിയിരുന്നു. ഇതോടെ 69 പ്രൃത്തികൾക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. കൂടാതെ 16.5 കോടി രൂപ കൂടി അനുവദിച്ചു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ കക്ഷി ചേർത്തു
കലൂർ സബ് സ്റ്റേഷനിലെ വെള്ളക്കെട്ടിനു കാരണം ഇവിടെ മെട്രോ സ്റ്റേഷൻ ഭാഗത്ത് മലിനജലം ഒഴുകി പോകാനുള്ള സൗകര്യം കുറഞ്ഞതാണെന്ന് നിരീക്ഷണസമിതി റിപ്പോർട്ടിൽ പറയുന്നു. ഇവിടെ രണ്ടു ചെറിയ പൈപ്പുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കൊച്ചി മെട്രോ റെയിൽ ലി. ഹൈക്കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തു. ഇവിടെയും കലുങ്ക് സ്ഥാപിച്ചാലേ വെള്ളക്കെട്ട് പരിഹരിക്കാനാവൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കാനകളിലെ മാലിന്യങ്ങൾ വാരി നീക്കം ചെയ്യാതെ പാതയോരത്തു തന്നെ കൂട്ടിയിടുന്നതിനെ ഹൈക്കോടതി വിമർശിച്ചു.