കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ അനുമതി. ചെറിയ തോടുകളെയും കാനകളെയും വലിയ തോടുകളുമായി ബന്ധിപ്പിക്കുന്ന ഇടത്തോടുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടക്കുക.

2- ാം ഘട്ട നവീകരണം

മുല്ലശ്ശേരികനാൽ

മാർക്കറ്റ് കനാൽ

ചെങ്ങാടംപോക്ക് കനാൽ

33 പ്രവൃത്തികൾ

 ഒന്നാം ഘട്ടം പുരോഗമിക്കുന്നു

കാരണക്കോടം തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുക്കാൽ ഭാഗവും പൂർത്തിയായി.ബാക്കി ജോലികൾ ഉടൻ പൂർത്തിയാക്കി നീരൊഴുക്ക് സുഗമമാക്കും. മൂന്ന് ഘട്ട നവീകരണ പ്രവർത്തനങ്ങൾ മാത്രമാണ് കാരണക്കോടം തോടിൽ ഇനി പൂർത്തിയാക്കാനുള്ളത്.

 16.50 കോടി
ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഒന്നാം ഘട്ടത്തിൽ പ്രാഥമിക ജലനിർഗമന മാർഗങ്ങളായ കാനകൾ, ചെറുതോടുകൾ എന്നിവയുടെ നവീകരണമാണ് നടപ്പാക്കിയത്. ചെറിയമഴയിൽ പോലും നഗരത്തിലുണ്ടാകുന്ന വെളളക്കെട്ടിന് പരിഹാരം കാണാൻ സാധിച്ചുവെന്നാണ് വിലയിരുത്തൽ. പ്രാഥമിക ജലനിർഗമന മാർഗങ്ങളിൽ നിന്നും വെള്ളം ചേരുന്ന ഇടത്തോടുകളുടെ നവീകരണത്തിനാണ് രണ്ടാം ഘട്ടത്തിൽ അവസരം ഒരുങ്ങുന്നത്. റോഡുകളിൽ നിന്ന് കാനകളിലേക്ക് വെള്ളംപോകുന്നതിനുള്ള പ്രവൃത്തികൾ ഉൾപ്പെടെ 33 നിർമ്മാണങ്ങൾക്കായി 16.50 കോടിരൂപയാണ് കണക്കാക്കുന്നത്.
 നിർമ്മാണം വിലയിരുത്തി കളക്‌ടർ

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഒന്നാംഘട്ട നവീകരണപ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ടെത്തി വിലയിരുത്തി. സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള വിവേകാനന്ദ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ നേരിട്ടെത്തി പരിശോധിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വിവേകാന്ദ റോഡിന് സമീപം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ കാനകളുടേത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും രണ്ടാം ഘട്ടത്തിൽ പത്തോളം ഇലക്ട്രിക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളുമാണുള്ളത്.

കൈയേറ്റങ്ങൾ ഒഴിപ്പിക്കും
സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കനാലിന്റെ മുകളിലെ അനധികൃത കൈയേറ്റങ്ങളും കടകളും ഉടൻ ഒഴിപ്പിക്കും. ടൗൺഹാൾ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഈ ഭാഗത്തെ കാനയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 97 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. കാരണക്കോടം തോടിന്റെ വീതികുറവിന് കാരണമായ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. 50 മീറ്റർ നീളത്തിലാണ് ഇവിടെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കിയത്.