പറവൂർ : എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഭയവും മാനസിക സമ്മർദ്ദവും അനുഭവപ്പെട്ടാൽ ഉടനെ കോൾ യുവർ ടീച്ചർ എന്ന നമ്പറിലേയ്ക്ക്. പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ കൗൺസലിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് കോൾ യുവർ ടീച്ചർ പ്രോഗ്രാം ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് ഏതൊരു ടീച്ചറെയും ഏതു സമയത്തും വിളിക്കാനാകും. പരീക്ഷാ ഭയമില്ലാതാക്കൽ, ഉത്തരങ്ങളിലെ വ്യക്തത, പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഒറ്റ ഫോൺ കോളിലൂടെ ലഭ്യമാകും. പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.പി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആർ. ലത, കൗൺസലിംഗ് സെന്റർ അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പി.എ. പ്രജീത്ത് എന്നിവർ സംസാരിച്ചു.