പറവൂർ : പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും സർവീസ് നടത്തിവന്ന ബസ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടികൂടിയപ്പോൾ കണ്ടക്ടർക്ക് ലൈസൻസുമില്ല. കൊടുങ്ങല്ലൂർ - കോട്ടയിൽ കോവിലകം റൂട്ടിൽ സർവീസ് നടത്തുന്ന അഖില മോൾ എന്ന ബസാണ് പിടികൂടിയത്. സ്വകാര്യ ബസുകൾ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നില്ലെന്ന് താലൂക്ക് വികസന സമിതിയിൽ അംഗമായ എ.കെ. സുരേഷിന്റെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് സമിതി യോഗം ജോയിന്റ് ആർ.ടി.ഒക്ക് കത്തയച്ചിരുന്നു. ജോയിന്റ് ആർ.ടി.ഒ കർശന നിർദ്ദേശം നൽകിയിട്ടും അഖില മോൾ ബസുകാർ ചെവിക്കൊണ്ടില്ല. ഇതേത്തുടർന്ന് സുരേഷ് വീണ്ടും പരാതിപ്പെട്ടപ്പോൾ ഇന്നലെ ഉച്ചക്ക് ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫ് പറവൂർ സ്റ്റാന്റിൽ നിന്നും ബസിൽ കയറ്റി കരിമ്പാടത്തേക്ക് ടിക്കറ്റെടുത്തു. പണം വാങ്ങിയെങ്കിലും ടിക്കറ്റ് കൊടുത്തില്ല. ഡെപ്യൂട്ടി തഹസിൽദാർ ഇക്കാര്യം ഉടനെ ജോയിന്റ് ആർ.ടി.ഒയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ ഷെെൻ ബസ് തടഞ്ഞു പരിശോധിച്ചപ്പോഴാണ് പെർമിറ്റും കണ്ടക്ടർ ലൈസൻസും കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തിയത്.
ഇത്തരം ബസുകളിൽ അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ബസുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.