കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരം നീക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കൊച്ചി കോർപ്പറേഷനെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഒഴിവാക്കി. പ്ലാന്റ് വളപ്പിൽ ഇത്രയധികം മാലിന്യം കുന്നുകൂടിയിരിക്കുന്നത് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടിവ് യോഗം മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
ഖരമാലിന്യ സംസ്കരണത്തിന്റെ നോഡൽ ഏജൻസിയായി സർക്കാർ തിരഞ്ഞെടുത്ത കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷ (കെ.എസ്.ഐ.ഡി.സി) നെ പകരം ചുമതല ഏല്പിച്ചു.
തദ്ദേശഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ ടെൻഡർ വിളിച്ച് മാലിന്യങ്ങൾ നീക്കണമെന്നാണ് നിർദ്ദേശം. കളക്ടർ ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
# ഫയലുകൾ സർക്കാരിന് കൈമാറണം
ബ്രഹ്മപുരത്ത് അപകടാവസ്ഥയിൽ മാലിന്യങ്ങൾ കുന്നുകൂടിയതും യഥാസമയം അവ നീക്കം ചെയ്യാത്തതും ഗുരുതര പ്രശ്നമാണെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ സംസ്ഥാന നിരീക്ഷണ സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണൻ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അടിക്കടിയുണ്ടാകുന്ന തീപിടിത്തം ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും കത്തുന്നതുമൂലമുണ്ടാകുന്ന വിഷവായു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ അടിയന്തരമായി മാലിന്യങ്ങൾ വേർതിരിച്ച് ഉടൻ നീക്കം ചെയ്യണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്ളാന്റിലെ മാലിന്യവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പ്രിൻസിപ്പൽ സെക്രട്ടറിയെ ഏല്പിക്കാൻ കോർപ്പറേഷന് സർക്കാർ നിർദേശം നൽകി.
# ടെൻഡർ റദ്ദാക്കി
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് ഉൾപ്പെടയുള്ള അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി കോയമ്പത്തൂരിലെ ഒരു കമ്പനിക്ക് ടെൻഡർ നൽകാൻ ഭരണസമിതി തീരുമാനിച്ചുവെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പുമൂലം ഈ തീരുമാനം മാറ്റിവച്ചു. മാലിന്യ സംസ്കരണം തദ്ദേശഭരണവകുപ്പ് ഏറ്റെടുത്തതോടെ ടെൻഡർ റദ്ദാക്കാനും സർക്കാർ തീരുമാനിച്ചു.
# തീരുമാനത്തെ സ്വാഗതം
ചെയ്ത് പ്രതിപക്ഷം
മാലിന്യനിർമാർജ്ജന പ്രവർത്തനത്തിൽ കോർപ്പറേഷൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തത്. ഇത് അങ്ങേയറ്റം ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി,എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി ചന്ദ്രൻ എന്നിവർ അറിയിച്ചു.