നെടുമ്പാശേരി: ചാലാക്കൽ ഗവ. എൽ.പി സ്‌കൂളിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1.21 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിക്കും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. വി.ഡി സതീശൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
അക്ഷരതാളിലെ അറിവിനൊപ്പം നൂതന സാങ്കേതികവിദ്യകളുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു നൽകുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു. കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, ഐ.എസ്.ഒ നിലവാരത്തിലുള്ള ലൈബ്രറിക്ക് ആവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും, വിശാലമായ ഊട്ടുപുര, പാചകപ്പുര, പടിപ്പുര ടൈൽ വിരിച്ച മുറ്റം, ശുചിമുറികൾ, മിനി പാർക്ക് സ്‌കൂൾ ബസ്, സൗരോർജപ്ലാന്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.