കൊച്ചി : ഇന്ന് എത്ര അപ്പീലുകളിൽ വിധിയുണ്ടാകും ? ഇന്ന് ഫ്രറ്റേണിറ്റി കപ്പിനു വേണ്ടി കേരളത്തിലെയും തമിഴ്നാട്ടിലെയും ഹൈക്കോടതി ജഡ്ജിമാർ ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോൾ കാണികളിലുയരുന്ന ഒരു ചോദ്യം ഇതാകും. ഇവിടെ നിയമവും വിധിയും മറ്റൊന്നാണ്. അതു കൊണ്ടു തന്നെ അപ്പീലുകളുടെ ഗതിയും മറ്റൊന്നാകും. കഴിഞ്ഞയാഴ്ചകളിൽ ഇരു ടീമുകളും തകർത്ത് പ്രാക്ടീസ് ചെയ്തശേഷമാണ് ഇന്ന് കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത്. കേരള ടീമിനെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നയിക്കുമ്പോൾ തമിഴ്നാട് ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹിയാണ് അവരുടെ ടീം ക്യാപ്ടൻ. ഉച്ചക്ക് രണ്ടരയ്ക്കാണ് മാച്ച് തുടങ്ങുന്നത്. ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും തമ്മിലുള്ള ക്രിക്കറ്റ് മത്സരം പതിവായിരുന്നെങ്കിലും ഇതാദ്യമായാണ് രണ്ടു ഹൈക്കോടതികളിലെയും ജഡ്ജിമാർ തമ്മിൽ ഒരു ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നത്. തമിഴ്നാട് ഹൈക്കോടതിയിൽ നിന്ന് 20 ഒാളം ജഡ്ജിമാർ എത്തുമെന്നാണ് സൂചന. അതേസമയം ക്രിക്കറ്റിലും ബാഡ്മിന്റണിലും ഹോക്കിയിലുമൊക്കെ കഴിവു തെളിയിച്ചവരാണ് കേരള ഹൈക്കോടതിയിലെ ജഡ്ജസ് ഇലവനിൽ അണി നിരക്കുന്നത്. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഷാജി. പി. ചാലി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തുടങ്ങിയവർ കേരള ഹൈക്കോടതിക്കു വേണ്ടി ഇന്നു കളത്തിലിറങ്ങുമെന്നാണ് സൂചന. തമിഴ്നാട് ഹൈക്കോടതിയിൽ നിന്നുള്ള ടീം കഠിന പരിശീലനത്തിലാണെന്ന വിവരം ലഭിച്ചതു മുതൽ ടീമംഗങ്ങൾ കടവന്ത്രയിലെ റീജിയണൽ സ്പോർട്സ് സെന്ററിലെ നെറ്റ്സിൽ പ്രാക്ടീസ് ശക്തമാക്കിയിരുന്നു.