കൊച്ചി: വേണാട് എക്‌സ്പ്രസിന്റെ സാരഥ്യം ഇന്നലെ വനിതകൾക്കായിരുന്നു. എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്കുള്ള ട്രെയിനിന്റെ എൻജിൻ കാബിനിൽ പതിവില്ലാതെ രണ്ട് സ്ത്രീകളെ കണ്ടതോടെ ആളുകൾക്ക് അത്ഭുതമായി. എൻജിൻ കാബിനിൽ മാത്രമല്ല ടി.ടി.ഇ മാരായും മെക്കാനിക്കൽ വിഭാഗത്തിലും ഗാർഡായിട്ടും സ്ത്രീകൾ ആധിപത്യം ഉറപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് വന്ന വേണാടിനെ എറണാകുളത്ത് വച്ച് വനിതകൾ ഏറ്റെടുക്കുകയായിരുന്നു. അതേസമയം ട്രെയിനിലെ പല യാത്രക്കാരും ഈ മാറ്റങ്ങളൊന്നും അറിഞ്ഞില്ല.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഞായറാഴ്ചയും സ്ത്രീകൾ വേണാടിന്റെ പൂർണ്ണചുമതല ഏറ്റെടുക്കും. ഇതിന് മുന്നോടിയായുള്ള പരീക്ഷണമാണ് വെള്ളിയാഴ്ച നടന്നത്.
ലോക്കോ പൈലറ്റ് ടി.പി. ഗൊറോത്തി, അസി ലോക്കോ പൈലറ്റ് വിദ്യാദാസ് എന്നിവരായിരുന്നു തീവണ്ടിയുടെ സാരഥികൾ. ഗാർഡായി എം. ഷീജ, ടി.ടി.ഇ. ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്.എം. ആയി ദിവ്യ, ക്യാബിൻ എസ്.എം. ആയി നീതു, പോയിന്റ്‌സ്‌മെൻ ആയി പ്രസീദ, രജനി, മെക്കാനിക്കൽ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥൻ തുടങ്ങിയവരായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്.
എറണാകുളം സൗത്തിൽ നിന്ന് ഞായറാഴ്ച രാവിലെ 10.15ന് പുറപ്പെടും. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൻ എന്നിവരെല്ലാവരും വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇൻഫോമേഷൻ സെന്റർ, സിഗ്‌നൽ, കാരേജ്, വാഗൺ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്. മാത്രമല്ല റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ വനിത ഉദ്യോഗസ്ഥരായിക്കും സുരക്ഷയൊരുക്കുന്നത്. തീവണ്ടി പുറപ്പെടുന്നതിന് മുൻപ് വനിത ജീവനക്കാർക്ക് റെയിൽവേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.