കൊച്ചി: തർക്കങ്ങൾക്കൊടുവിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റായി എസ്. ജയകൃഷ്‌ണനെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചു. ഇതോടെ ആർ.എസ്.എസിന്റെ കടുംപിടുത്തവും വിജയത്തിലെത്തി. അഭിപ്രായ വോട്ടെടുപ്പ് പൂർത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല. സംഘടനയിലെ ഗ്രൂപ്പിസം ശക്തമായതോടെ പല പേരുകൾ പിന്നീട് ഉയർന്നു വന്നു. ഒടുവിൽ നിലവിലെ ആക്‌ടിംഗ് പ്രസിഡന്റ് വി.എൻ. വിജയൻ, പി.പി.സജീവ്, ജിജി ജോസഫ്, എസ്.ജയകൃഷ്‌ണൻ, കെ.വി.സാബു എന്നിവരായിരുന്നു അവസാന പട്ടികയിൽ ഇടംപിടിച്ചവർ. ജിജി ജോസഫ്, ജയകൃഷ്‌ണൻ എന്നിവരിലൊരാൾ പ്രസിഡന്റാകണമെന്നായിരുന്നു ആർ.എസ്.എസിന്റെ താത്പര്യം.
കഴിഞ്ഞ മൂന്ന് വർഷമായി ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു ജയകൃഷ്‌ണൻ.
ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലൂടെ വളർന്ന് പൊതു പ്രവർത്തകനായി. ബാലഗോകുലം, എ.ബി.വി.പി സംഘടനകളിൽ പ്രവർത്തിച്ചു.ആർ എസ് എസ് ജില്ലാ കാര്യവാഹ്, വിഭാഗ് പ്രചാർ പ്രമുഖ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ബാല സംസ്‌ക്കാര കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രന്റെയും ജനറൽ സെക്രട്ടറിയായിരുന്നു. കെമിക്കൽ എൻജിനീയറാണ്. രാഷ്ട്ര സേവിക സമിതി കാര്യവാഹികയായ ശ്രീകലയാണ് ഭാര്യ. മകൻ വിഘ്‌നേഷ് എ.ബി.വി.പി മുൻ സംസ്ഥാന ഭാരവാഹിയാണ്.