കൊച്ചി: എറണാകുളം പെരുമ്പാവൂരിലുള്ള കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനെത്തിയ വിവിധ കൊലപാതകക്കേസുകളിൽ പ്രതികളായ ഏഴംഗ തമിഴ് ക്വട്ടേഷൻ സംഘത്തെ മുനമ്പത്തു നിന്ന് പൊലീസ് അറസ്‌റ്റു ചെയ്‌തു.

തമിഴ്നാട് വള്ളിയൂർ സ്വദേശി ട‌ി. യേശു (37), കന്യാകുമാരി സ്വദേശി ബിനിൻ (20), നാഗർകോവിൽ സ്വദേശി രാമസ്വാമി (36), ചെന്നൈ സ്വദേശി വിനോദ് (25), നീണ്ടൂർ സ്വദേശി ഹബീബ് (24), തിരുനെൽവേലി സ്വദേശി രമേശ് (31), തൂത്തുക്കുടി സ്വദേശികളായ അരുൾ അനന്ദൻ (36), ആർ. പ്രഭു (27) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് നിരവധി മാരാകായുധങ്ങൾ പിടിച്ചെടുത്തു. ലാേക് ജനശക്തി പാർട്ടി ദേശീയ യൂത്ത് വിംഗ് സെക്രട്ടറിയുമായ പെരുമ്പാവൂർ സ്വദേശിയും ഗുണ്ടാത്തലവനുമായ അനസിനെ കൊലപ്പെടുത്താനാണ് സംഘമെത്തിയത്.
കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലായ അനസ് മാസങ്ങൾക്ക് മുമ്പാണ് ജയിൽ മോചിതനായത്. എറണാകുളം സ്വദേശികളായ അനസിന്റെ എതിരാളികളാണ് തമിഴ് സംഘത്തിന് ക്വട്ടേഷൻ നൽകിയത്. റിമാൻഡ് ചെയ്‌ത പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

മുനമ്പത്തുളള ഒരു ലോഡ്ജിൽ നിന്നുമാണ് ഗുണ്ടകളെ പൊലീസ് പിടികൂടിയത്. പൊലീസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.