quotation

കൊച്ചി: പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസിനെ കൊലപ്പെടുത്താൻ തമിഴ്‌നാട്ടിലെ 'ഗ്യാംഗ് വാർ' സംഘത്തെ ഇറക്കിയത് 35 ലക്ഷം രൂപയ്‌ക്കെന്ന് സൂചന. ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ഗുണ്ടാ സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം. തമിഴ്‌നാട്ടിൽ നേരിട്ടെത്തി ക്വട്ടേഷൻ നൽകുകയായിരുന്നത്രേ. തുടർന്ന് ദൗത്യം ഏറ്റെടുത്ത തമിഴ്‌സംഘം, ആയുധങ്ങളുമായി കൃത്യം ഒരാഴ്ച മുമ്പ് കൊച്ചിയിൽ എത്തി. പിന്നീട്, ചെറായിയിലെ ബീച്ചിനോട് ചേർന്നുള്ള ഹോം സ്റ്റേയിൽ താമസിച്ച് പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനിടെ, കൊലപ്പെടുത്തേണ്ട അനസിനെയും ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും മനസിലാക്കിയ തമിഴ് സംഘം പ്രതിഫലം ഒരു കോടിയായി ഉയർത്തി. ഇത്രയും തുക നൽകാൻ സാധിക്കില്ലെന്ന് ക്വട്ടേഷൻ നൽകിയവർ അറിയിച്ചതോടെ ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം എട്ട് പേർ പൊലീസിന്റെ പിടിയിലാകുന്നത്.

തമിഴ്‌നാട് വള്ളിയൂർ സ്വദേശി ടി. യേശു (37), കന്യാകുമാരി സ്വദേശി ബിനിൻ (20), നാഗർകോവിൽ സ്വദേശി രാമസ്വാമി (36), ചെന്നൈ സ്വദേശി വിനോദ് (25), നീണ്ടൂർ സ്വദേശി ഹബീബ് (24), തിരുനെൽവേലി സ്വദേശി രമേശ് (31), തൂത്തുക്കുടി സ്വദേശികളായ അരുൾ അനന്ദൻ (36), ആർ. പ്രഭു (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി മാരകായുധങ്ങളും പിടിച്ചെടുത്തു. അരുളാനന്ദൻ തൂത്തുക്കുടി സൗത്ത് സ്റ്റേഷൻ, ഡിണ്ടിഗൽ അടിക്കൊണ്ട സ്റ്റേഷൻ, നാഗർകോവിൽ വടശേരി സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ കേസുകളിൽ പ്രതിയാണ്. രമേഷിനെതിരെ പാളയംകോട്ട സ്റ്റേഷനിലും ചെന്നൈ പെരിയമെട്ട് സ്റ്റേഷനിലും കേസുണ്ട്. രാമസ്വാമിയുടെ പേരിൽ വെള്ളൂർ, പളവൂർ എന്നിവിടങ്ങളിലും യേശുവിനെതിരെ പാളയംകോട്ടയിലും കേസുണ്ട്. എട്ട് പേരും റിമാൻഡിലാണ്.
തിരിച്ചറിയൽ രേഖയിൽ പണി പാളി

അഞ്ച് ദിവസം മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപത്തുള്ള ഹോംസ്റ്റേയിലായിരുന്നു തമിഴ് സംഘങ്ങൾ താമസിച്ചിരുന്നത്. ചെറായി ബീച്ച് ആസ്വദിക്കാൻ എത്തിയതെന്ന് ഉടമയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു താമസം. എല്ലാവരും മാന്യമായ രീതിയിൽ ഇടപെട്ടിരുന്നതിനാൽ ഹോംസ്റ്റേ ഉടമയ്ക്കും സംശയം ഒന്നും തോന്നിയിരുന്നില്ല. എന്നാൽ, ഇന്റലിജൻസ് സംഘത്തിന്റെ വിളിയെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്റലിജൻസ് ചെറായിലെ ഹോം സ്റ്റേകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ രഹസ്യാന്വേഷണത്തിൽ ഹോം സ്റ്റേയിൽ താമസിച്ചിരുന്നവർ ഗുണ്ടകളായിരിക്കാമെന്ന സംശയം ഉയർന്നു. ഹോം സ്റ്റേ ഉടമയുമായി ആശയവിനിമയവും നടത്തുകയും ഇവരുടെ തിരച്ചറിയൽ രേഖ ആവശ്യപ്പെടുകയും ചെയ്തു. ഈ തിരിച്ചറിയൽ രേഖ ക്യൂ ബ്രാഞ്ചിന് കൈമാറി. തുടർന്നാണ് ഇവർ ഗുണ്ടകളാണെന്ന് ഉറപ്പിച്ചത്. പിന്നീട് പൊലീസിൽ വിവരം കൈമാറുകയും പ്രതികളെ ഉടൻ തന്നെ പിടികൂടുകയുമായിരുന്നു.

ആസൂത്രണം ബീച്ചിൽ
ഹോം സ്റ്റേയിൽ പ്രതികളെല്ലാവരും മര്യാദരാമൻമാരായാണ് താമസിച്ചിരുന്നത്. മദ്യപിച്ചുള്ള ബഹളങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാവിലെ ഭക്ഷണത്തിന് ശേഷം ബീച്ചിലേക്ക് പോകും. പിന്നീട് ഉച്ചയോട് അടുത്താണ് തിരിച്ച് എത്തുക. വൈകിട്ടും സമാനമായിരുന്നു. എന്നാൽ, ബീച്ചിൽ ഇരുന്നാണ് ഗുണ്ടകൾ ആക്രമണത്തിന് പദ്ധതി ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാ നേതാവിനെ ഏത് വിധേനയും കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. അതേസമയം, ഗുണ്ടകളെ കൊച്ചിയിൽ എത്തിച്ചവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും.

''കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകും.

ഡിവൈ.എസ്.പി, ആലുവ