fr-paul-cherupilly
ഫാ. പോൾ ചെറുപിള്ളി

കൊച്ചി: സാമൂഹ്യ സേവനത്തിന്റെ ജനകീയ വഴികളൾ വിട്ട് പൊന്നുരുന്നി സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളിക്ക് ഇനി ആത്മീയ ദൗത്യം. പൊന്നുരുന്നി കേന്ദ്രീകരിച്ച് നഗര ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലേക്കും സ്നേഹത്തിന്റെയും സേവനത്തിന്റെ കരങ്ങൾ നീട്ടിയ ചെറുപിള്ളി അച്ചൻ എഴുപുന്ന സെന്റ് റാഫേൽ പള്ളി വികാരിയായാണ് കൊച്ചിയോട് വിടപറയുന്നത്.

സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക, ആരോഗ്യ മേഖലകളിൽ ഒരു ദശാബ്ദത്തോളം സഹായഹസ്തവുമായി അച്ചനുണ്ടായിരുന്നു.

ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘമായിരുന്നു അതിൽ ശ്രദ്ധേയം. ഇവർക്കായി കേന്ദ്ര സർക്കാരിന്റെ സ്വാവലംബൻ മെഡി ക്ലയിം പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് സഹൃദയയാണ്. 2300ലേറെ പേർക്ക് അതിന്റെ ഗുണം ലഭിച്ചു. നാല്പതുലക്ഷത്തോളം രൂപ ചികിത്സാ സഹായമായി നൽകാനായി.

നഗരത്തിൽ ആദ്യമായി ബ്ലൈൻഡ് വാക്ക്, ഭിന്നശേഷിക്കാർക്കായി പ്രത്യേക തൊഴിൽ മേള, മനുഷ്യചങ്ങല തുടങ്ങിയവയിലൂടെ ഇവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇവർക്കായി അച്ചൻ രൂപം കൊടുത്ത സഹൃദയ മെലഡീസ് കലാസമിതി ഇരുന്നൂറിലേറെ വേദികൾ പിന്നിട്ടു. സംസ്ഥാന വികലാംഗക്ഷേമ പുരസ്കാരവും സഹൃദയയെ തേടിയെത്തി.

വനിതാ ശുചീകരണ തൊഴിലാളികളെ ആദരിക്കൽ, പ്രവാസി സൗഹൃദ ഗ്രാമം, സ്വയം സഹായ സംഘങ്ങളിലൂടെ തൊഴിൽ പദ്ധതികൾ, പരിസ്ഥിതി പരിപാലനം, ജൈവകൃഷി പദ്ധതികൾ, ജൈവകാർഷിക മേളകൾ, ഫാമിലി മാർട്ടുകൾ, സഹൃദയ ഗ്രാമോത്സവങ്ങൾ, പാവപ്പെട്ടവരെ സഹായിക്കാനുള്ള ലൈറ്റ് എ ലൈഫ് പദ്ധതി തുടങ്ങി ചെറുപിള്ളിയച്ചന്റെ മനസിൽ വിരിഞ്ഞ പദ്ധതികൾ അനവധിയാണ്. സമൂഹത്തെ ഒന്നാകെ ഇതിലൊക്കെ ഭാഗഭാക്കാക്കിയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.

സാധാരണക്കാർക്ക് സാധ്യമായ പ്രീമിയത്തിൽ ഇൻഷ്വറൻസ് പദ്ധതികളും സഹൃദയ വഴി നടപ്പാക്കിയിരുന്നു. പത്തുവർഷത്തിനുള്ളിൽ നാൽപതു കോടിയിലധികം രൂപയാണ് ഇൻഷ്വറൻസ് പദ്ധതികളിൽ നിന്ന് ലഭിച്ചത്.

അസി. ഡയറക്ടറായിരുന്ന ഫാ.ജോസ് കുളത്തുവള്ളിയാണ് സഹൃദയയുടെ പുതിയ ഡയറക്ടർ.