ആലുവ: ബൈക്കിൽ സ്വകാര്യ ബസ് തട്ടിപരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കളമശേരി വട്ടേക്കുന്നം പാറപ്പുറത്ത് മജീദിന്റെ മകൾ റഹീമയാണ് (27) മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ റെയിൽവേ സ്‌ക്വയറിലായിരുന്നു അപകടം. സ്‌കൂട്ടറിൽ ബസ് ഉരസിയതിനെ തുടർന്ന് റഹീമ ബസിന്റെ ഇരു ചക്രങ്ങൾക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. ബസ് ഡ്രൈവർ ഉടൻ നിർത്തിയെങ്കിലും പിൻചക്രം റഹീമയുടെ നെഞ്ചിൽ അമർന്നു. രാജഗിരി ആശുപത്രി തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച റഹീമയെ അർദ്ധരാത്രിയോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ മൂന്നരക്കാണ് മരണത്തിന് കീഴടങ്ങിയത്. ചെമ്പകശേരി കവലയിലെ കേരള ദന്തൽ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. മാതാവ്: ജമീല.