കളമശേരി : യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കളമശേരി നഗരസഭയിലെ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം ഇനി എൽ.ഡി.എഫിന്. ഇന്നലെ നടന്ന സ്ഥിരം സമിതി അദ്ധ്യക്ഷ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ് എ ഗ്രൂപ്പിലെ ഷൈനി ആന്റണി കൂറുമാറി വോട്ട് ചെയ്തതോടെ എൽ.ഡി.എഫിലെ ബിന്ദു മനോഹരൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരെഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് വീതം വയ്പ്പിന്റെ ഭാഗമായി ഈ ഭരണ സമിതിയുടെ കാലയളവിൽ നടന്ന നാലാമത്തെ തിരെഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് സ്ഥാനം നഷ്ടമായത്.
മുൻ ധാരണ പ്രകാരം ഷൈനി ആന്റണിയെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് തിരെഞ്ഞെടുപ്പ് നടന്നത്. അഞ്ജു മനോജ് മണിയായിരുന്നു യു.ഡി.എഫിന്റ അദ്ധ്യക്ഷ സ്ഥാനാർത്ഥി. അഞ്ജുവിന് വോട്ട് ചെയ്യാൻ താൽപ്പര്യമില്ലെന്ന് ഷൈനി ആന്റണി പാർട്ടി നേതാക്കളെ അറിയിച്ചിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ആരെ വേണമെങ്കിലും സ്ഥാനാർത്ഥിയാക്കാനും അവർ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ റംല മാഹിനെ പരാജയപ്പെടുത്തിയാണ് അഞ്ജു വാാർഡിൽ ജയിച്ചത്. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ശേഷം പിന്നീട് യു.ഡി.എഫിന് പിന്തുണ നൽകുകയായിരുന്നു.
ആരോഗ്യത്തെ കൂടാതെ മറ്റ് രണ്ട് സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്കും തിരെഞ്ഞെടുപ്പ് നടന്നിരുന്നു.
ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി എ ഗ്രൂപ്പിലെ ടി എ അബ്ദുൾ സലാമും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ഐ ഗ്രൂപ്പിലെ ജിനി ബിനുവിനെയും തിരെഞ്ഞെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം നഷ്ടമായതോടെ കളമശേരിയിലെ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം വീണ്ടും രൂക്ഷമായി. കൂറുമാറിയ അംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഐ ഗ്രൂപ്പ്കാരുടെ തെറി വിളികൾ നിറയുകയാണ്. അതേ സമയം തിരെഞ്ഞെടുപ്പിൽ എല്ലാ എ ഗ്രൂപ്പ് സ്ഥാനാർത്ഥികൾക്കുമെതിരെ റിബലുകളെ നിർത്തുന്ന ഐ ഗ്രൂപ്പിന് കൂറുമാറ്റത്തെ കുറിച്ച് പറയാൻ ഒരു യോഗ്യതയും ഇല്ലെന്നാണ് എ ഗ്രൂപ്പുകാരുടെ വാദം.