mannoor
കുഴി മാത്രമായ മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്

വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നു

പോഞ്ഞാശ്ശേരി മുതൽ വെങ്ങോല വരെ ഭാഗികമായി അറ്റകുറ്റ പണി പൂർത്തിയാക്കി

റോഡിന്റെ പുനർ നിർമ്മാണത്തിന് കിഫ്ബി അനുവദിച്ചത് 23.75 കോടി രൂപ

കോലഞ്ചേരി: മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ കുഴിയല്ലാതെ വഴിയില്ല, യാത്രക്കാരുടെയും, വാഹനങ്ങളുടെയും നടുവൊടിഞ്ഞു. സർവീസ് നിർത്തി വയ്ക്കാനൊരുങ്ങിയ ബസുടമകൾക്ക് താത്കാലിക ആശ്വാസമായി പൊതു മരാമത്ത് വകുപ്പ്. തിങ്കളാഴ്ച മുതൽ ബസ് സർവീസ് നിർത്തി വച്ച് നടത്താനിരുന്ന സമരം തത്കാലം മാറ്റി വച്ചു. റോഡിന്റെ വെങ്ങോല വരെയുള്ള ഭാഗത്ത് വാഹന യാത്ര അത്ര കണ്ട് ദുഷ്ക്കരമാണ്. പൊട്ടി പൊളിയാത്ത ഒരു ഭാഗം പോലുമില്ല. റോഡ് പുനർനിർമ്മാണം പൂർത്തിയാക്കും വരെ റൂട്ട് മാറ്റോയോടാൻ അനുവദിച്ചില്ലെങ്കിൽ സർവീസ് നിർത്താനായിരുന്നു തീരുമാനം. 25 സ്വകാര്യ ബസുകളാണ് ഇതു വഴി സർവീസ് നടത്തുന്നത്.

കുഴിയടക്കുമെന്ന് ഉറപ്പ് നൽകി

പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അടിയന്തിരമായി ഇടപെട്ട് താത്കാലികമായി കുഴിയടച്ച് നൽകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം മാറ്റിയത്.

കെ.എം അലി ,കെ.ബി.ടി.എ പെരുമ്പാവൂർ ഏരിയ പ്രസിഡന്റ്

ബാധിക്കുന്നത് വിദ്യാർത്ഥികളെ

സ്കൂൾ പരീക്ഷ സമയത്ത് ബസ് സർവീസ് നിർത്തി വച്ചാൽ കുട്ടികളെ ബാധിക്കും.ഇതോടെയാണ് ഇടപെടലുണ്ടായത്. വളയൻചിറങ്ങര എച്ച്.എസ്.എസ്, ഗവ.എൽ.പി.എസ് ഐരാപുരം, ഐരാപുരം ശ്രീ ശങ്കര വിദ്യാപീഢം,തുരുത്തിപ്ളി സെന്റ് മേരീസ്, ക്രൈസ്റ്റ് നോളജ് സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള കുട്ടികളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി പൊട്ടി പൊളിഞ്ഞ റോഡിലൂടെയാണ് ബസ് യാത്ര. നാളിതു വരെ വാഹന ഉടമകൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഇതു മൂലം ഉണ്ടായത്. ഇതു സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ല ഇതോടെയാണ് സമരം തീരുമാനിച്ചതെന്ന് കെ.ബി.ടി.എ ഏരിയ സെക്രട്ടറി ലത്തീഫ് പറഞ്ഞു.

നിർമ്മാണം തുടങ്ങിയിട്ട് രണ്ടു വർഷം

2018 ജനുവരിയിലാണ് റോഡ് നിർമ്മാണം തുടങ്ങിയത്. കുന്നത്തുനാട്, പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. മണ്ണൂർ മുതൽ ഐരാപുരം വരെയാണ് കുന്നത്തുനാട്. തുടർന്ന് പെരുമ്പാവൂർ മണ്ഡലമാണ്. റോഡിന്റെ വെള്ളക്കെട്ടുള്ള മണ്ണൂർ ഭാഗങ്ങളിൽ പാടശേഖരങ്ങളിലേയ്ക്ക് ഇടിഞ്ഞ റോഡ് കരിങ്കല്ല് കെട്ടി ഉയർത്തി,റോഡിന് ഇരു വശങ്ങളിലും കാനകളും, കലുങ്കുകളും നിർമ്മിക്കുന്നുണ്ട്. ആധുനിക നിലവാരത്തിൽ ലൈനുകളും റിഫ്ളെക്ടറുകളും, ദിശാ, സ്ഥല നാമ ബോർഡുകളുമടക്കം സ്ഥാപിക്കാനും പദ്ധതിയുണ്ട്. എം.സി റോഡിൽ നിന്നും ആലുവ, തൃപ്പൂണിത്തുറ,കാക്കനാട് ഭാഗത്തേയ്ക്ക് പോകേണ്ട യാത്രക്കാർക്ക് പെരുമ്പാവൂരിലെ നഗര തിരക്കുകൾ ഒഴിവാക്കി പോഞ്ഞാശ്ശേരി വഴി എളുപ്പത്തിലെത്താവുന്ന ഏക മാർഗമാണിത്.