ആലുവ: വനിത കാർട്ടൂണിസ്റ്റുകൾ എണ്ണത്തിൽ കുറവാണ്. എന്നാൽ കാർട്ടൂണിലെ വനിത കഥാപാത്രങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. നമ്പൂതിരി വരച്ച രണ്ടാമൂഴത്തിലെ ദ്രൗപദി, ടോംസിന്റെ ബോബനും മോളിയിലെ മോളിയും ചേട്ടത്തിയും. യേശുദാസിന്റെ പൊന്നമ്മ സൂപ്രണ്ട് എന്നിങ്ങനെ പ്രശസ്തരായ നിരവധി കാർട്ടൂൺ കഥാപാത്രങ്ങളുണ്ട്. അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക കാർട്ടൂണുകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ആദരവ് അർപ്പിച്ച് തോട്ടുമുഖം അൽ സാജ് റിക്രിയേഷൻ സെന്ററിൽ പത്തു കോളേജ് വിദ്യാർത്ഥിനികൾ നൂറ് വനിത കാർട്ടൂൺ കഥാപാത്രങ്ങളെ വരച്ചു.
ആദ്യ മലയാള കാർട്ടൂണായ മഹാക്ഷേമ ദേവത മുതൽ ആധുനിക കാലത്തെ ആനിമേറ്റീവ് സ്ത്രീ കഥാപാത്രങ്ങൾവരെ കുട്ടികൾ പുനർസൃഷ്ടിച്ചു.സാമുവലിന്റെ മീനു, ഒ.വി വിജയന്റെ ഇന്ദിരാഗാന്ധി, നമ്പൂതിരിയുടെ നാണിയമ്മ എന്നിവ വീണ്ടും കഥാപാത്രങ്ങളായി.
തെലുങ്കിലെ ചെറുപു സതീഷ് ആചാര്യ, ജയദേവ് ബാബു , മഞ്ജുള പത്മനാഭൻ എന്നിവരുടെ രചനകളുമുണ്ട്. റായ്പൂരിലെസ്ത്രീ കഥാപാത്രം,തിയമ്പക് ശർമ്മകാഗിന്റെ സ്ത്രീ കഥാപാത്രം, ചെർപു കുമാർ ആന്ധ്രസ്ത്രീ എന്നിവയ്ക്ക് പുറമെ മലേഷ്യയ തുർക്കി, അമേരിക്ക എന്നിവിടങ്ങളിലെ സ്ത്രീ കഥാപാത്രങ്ങൾ ചുമരുകളിൽ വീണ്ടും ഉടലെടുത്തു.
യു.സി.കോളേജിലെ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്നാണ് രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് സ്ത്രീവര അരങ്ങേറിയത്. കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷയും ചിത്രകലാദ്ധ്യാപകൻ ഹസൻ കോട്ടപ്പറമ്പിലും നേതൃത്വം നൽകി. കാർട്ടൂണിലെ വനിതാ സാന്നിദ്ധ്യത്തെകുറിച്ച് കോഫി ടേബിൾ ബുക്ക് ഒരുക്കുകയാണ്.കാർട്ടൂൺ ക്ലബ് ഒഫ് കേരള .