കൊച്ചി: വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സംബന്ധിയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹാക്കത്തോണിന് തുടക്കമായി. 30 ടീമുകളിലായി 150 പേരാണ് കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ നടക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കുന്നത്.

ഹാക്കത്തോണിൽ ടീമുകൾ സമർപ്പിച്ച ആശയങ്ങൾ വിദഗ്ദ്ധ സമിതി വിശകലനം ചെയ്തതിനു ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. വ്യക്തിപരമായും സാമൂഹികമായും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് മത്സരാർഥികൾ കണ്ടുപിടിക്കേണ്ടത്. ആറു പേരാണ് ഓരോ സംഘത്തിലുമുള്ളത്. അതിൽ ഒരാൾ സ്ത്രീയായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

ആർത്തവശുചിത്വവും ബോധവത്കരണവും, ആരോഗ്യവിദ്യാഭ്യാസവും നിരീക്ഷണവും, തൊഴിലിടങ്ങളിലെ സ്ത്രീയും തൊഴിൽ സംസ്‌കാരത്തിലെ പുരോഗതിയും, സൈബർ ഇടത്തിലെ അപകടസാധ്യതയെക്കുറിച്ചുള്ള ബോധവത്കരണം, അമ്മയാകുമ്പോൾ ലഭിക്കേണ്ട ഉപദേശവും നിരീക്ഷണവും, വാർദ്ധക്യകാല പരിചരണം എന്നിവയാണ് ഹാക്കത്തോണിന് നൽകിയിരിക്കുന്ന വിഷയങ്ങൾ. തിങ്കളാഴ്ച വൈകിട്ട് 3.30 മുതൽ 5 മണിവരെ 'ഈച്ച്‌ഫോർ ഈക്വൽ' എന്ന വിഷയത്തിൽ വിദഗ്ദ്ധർ നയിക്കുന്ന പാനൽ ചർച്ചയും നടക്കും.

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിലെ സീനിയർ പ്രോജക്ട് അസോസിയേറ്റ് ഷാന ഷിഹാബ്, ഈസ്റ്റേൺ കോൺടിമെന്റ്‌സിലെ ഉത്പന്ന ഗവേഷണവികസന വിഭാഗം മേധാവി ശിവപ്രിയ ബാലഗോപാൽ, കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ ഫെലോ ലാബി ജോർജ്, ഗ്രീൻ പെപ്പർ സി.ഇ.ഒ കൃഷ്ണകുമാർ എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്.