വൈപ്പിൻ : വൈദ്യുതി തടസമില്ലാതെ നൽകുന്നതിനും പ്രസരണ മേഖല ശക്തിപ്പെടുത്തുന്നതിനും വൈപ്പിൻ കരയിൽ 110 കെ വി ഡബിൾ സർക്യൂട്ട് ലൈനും പുതിയ 110 കെ വി സബ് സ്റ്റേഷനും വരുന്നു. ഒരു വർഷം മുൻപ് തുടങ്ങിയ അയ്യമ്പിള്ളിയിലെ ചെറായി 110 കെ വി സ്റ്റേഷൻ മുതൽ മാലിപ്പുറത്ത് ഞാറക്കൽ സബ് സ്റ്റേഷൻ വരെയാണ് പുതിയ 110 കെ വി ലൈൻ വലിക്കുന്നത്. . കഴിഞ്ഞ മാസം 18 നാണ് ഭരണാനുമതി ലഭിച്ചത്. ചെറായി സബ് സ്റ്റേഷനിൽ നിന്ന് ഞാറക്കൽ സബ് സ്റ്റേഷൻ വരെ 14 കിലോമീറ്റർ ദൂരത്തിലാണ് 110 കെ വി ലൈൻ. 51 ടവർ ലൊക്കേഷനുകളുണ്ടാകും. നിലവിലെ 66 കെ വി ലൈനിൽ കൂടിയുള്ള വൈദ്യുതിക്ക് യാതൊരു തടസവുമില്ലാതെയായിരിക്കും പുതിയ ലൈനിന്റെപണി. കളമശ്ശേരിയിൽ നിന്നുള്ള ലൈനുമായി ബന്ധിപ്പിക്കുന്നത്.
ഈ ലൈനിന്റെ വരവോടെ വോൾട്ടേജ് കൂടുന്നതനുസരിച്ച് കറൻറിന്റെ ഉപഭോഗം കുറയുകയും ചെയ്യും. ചെറായി 110 കെ വി സബ് സ്റ്റേഷൻ സ്ഥാപിച്ചിട്ടും മുനമ്പം ഭാഗത്ത് പൂർണ പ്രയോജനം ലഭിച്ചിട്ടില്ല. ഇത് പരിഹരിക്കുന്നതിന് ചെറായിയിൽ നിന്ന് നാല് കോടി രൂപ ചെലവിൽ മുനമ്പം വടക്കേ അറ്റം വരെ പുതിയ ലൈൻ വലിക്കും. രണ്ടാഴ്ചക്കുള്ളിൽ ഇതിന്റെ പണിയും തുടങ്ങും.
ചെറായി ഞാറക്കൽ 110 കെ വി ലൈൻ , ഞാറക്കൽ 110 കെ വി സബ് സ്റ്റേഷൻ എന്നിവയുടെ നിർമ്മാണോത്ഘാടനം നാളെ വൈകീട്ട് 3 ന് കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈദ്യുതി മന്ത്രി എം എം മണി നിർവഹിക്കും. എസ് ശർമ്മ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി , ജോൺ ഫെർണാണ്ടസ് എം എൽ എ , കെ എസ് ഇ ബി ഡയറക്ടർമാരായ എൻ വേണുഗോപാൽ, ചീഫ് എൻജിനീയർ ആർ സുകു, കളക്ടർ എസ് സുഹാസ് , എന്നിവർ പങ്കെടുക്കും.
നിർമ്മാണോത്ഘാടനത്തിൻറെ കാര്യങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ എസ് ശർമ്മ എം എൽ എ , പറവൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സി
ക്യൂട്ടിവ് എൻജിനീയർ പി ജെ പോൾ, എക്‌സിക്യുട്ടീവ് എൻജിനീയർമാരായ മുഹമ്മദ് കാസ്, എസ് ഷെരീഫ്, ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ ആർ രാജൻ എന്നിവർ പങ്കെടുത്തു.
16 കോടി ചെലവിൽ 110 കെ വി ഡബിൾ സർക്യൂട്ട് ലൈനും 6 കോടി ചെലവിൽ പുതിയ 110 കെ വി സബ് സ്റ്റേഷനും വരുന്നു.
1972 ൽ സ്ഥാപിച്ച മാലിപ്പുറത്തെ 66 കെ വി സബ് സ്റ്റേഷന് സമീപമാണ് പുതിയ 110 കെ വി സ്റ്റേഷൻ
സംസ്ഥാന പാതയിലൂടെ വലിക്കുന്നതിന് പകരം കായലോരം വഴിയാണ് പുതിയ ലൈൻ.
ചെറായിയിൽ നിന്ന് നാല് കോടി രൂപ ചെലവിൽ മുനമ്പം വടക്കേ അറ്റം വരെ പുതിയ ലൈൻ