johnny-nellore

കൊച്ചി: ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗം പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിൽ (എം) ലയിച്ചു. എറണാകുളം രാജേന്ദ്ര മൈതാനിയിൽ ഇന്നലെ നടന്ന ലയന സമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അധികം വൈകാതെ കേരള കോൺഗ്രസുകൾ ഒന്നാകുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള ലയനം ഒരു തുടക്കം മാത്രം. ഇപ്പോൾ കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ല. ജേക്കബ് വിഭാഗത്തിലുണ്ടായിരുന്ന പത്തു ജില്ലാ പ്രസിഡന്റുമാർ വേദിയിലിരിക്കുന്നത് അനൂപ് ജേക്കബ് ശ്രദ്ധിക്കണം. അനൂപും പാർട്ടിയിലേക്ക് വരണമെന്നാണ് ആഗ്രഹം. ഇന്നല്ലെങ്കിൽ നാളെ വന്നേക്കാം. അനൂപ് കാര്യങ്ങൾ മനസിലാക്കണമെന്നും പി.ജെ.ജോസഫ് പറഞ്ഞു. അനൂപ് ജേക്കബിനോട് സഹതാപം മാത്രമാണുള്ളതെന്ന് ജോണി നെല്ലൂർ പറഞ്ഞു. ചെയർമാനായ താൻ പാർട്ടി പിരിച്ചുവിട്ടുവെന്ന് പറഞ്ഞപ്പോൾ എന്നെ പുറത്താക്കിയെന്നാണ് പറയുന്നത്. നിയമവും ചട്ടവും അറിയാതെയാണ് അനൂപ് സംസാരിക്കുന്നത്. ആരാണ് ഇപ്പോൾ കൂടെയുള്ളതെന്ന് തിരിച്ചറിയണം. ബഹുഭൂരിപക്ഷം ഭാരവാഹികളും ലയനസമ്മേളനത്തിനെത്തിയത് കാണണം. അനൂപിന്റേത് വിവേകമില്ലാത്ത പ്രവർത്തനങ്ങളാണ്. ഇന്നല്ലെങ്കിൽ നാളെ സത്യം തിരിച്ചറിയുമെന്നാണ് കരുതുന്നത്. ഉപാധികളില്ലാതെയാണ് ലയനമെന്നും ജോണി നെല്ലൂർ പറഞ്ഞു.

ചടങ്ങിൽ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ജോയ് എബ്രഹം, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, അറയ്‌ക്കൽ ബാലകൃഷ്‌ണപിള്ള, സി.എൻ.മോഹനൻപിള്ള, ജോർജ് ജോസഫ്, വിൻസെന്റ് ജോസഫ്, ഷിബു തെക്കുപുറം എന്നിവർ പങ്കെടുത്തു.