കൊച്ചി: ചെന്നൈ ഹൈക്കോടതി ജഡ്ജിമാരുടെ ടീമിനെ 18 റൺസിന് തോൽപിച്ച് കേരള ഹൈക്കോടതി ജഡ്ജിമാരുടെ ടീം ഫ്രറ്റേണിറ്റി കപ്പ് സ്വന്തമാക്കി. കളമശേരി സെന്റ് പോൾസ് കോളേജ് മൈതാനത്ത് ഇന്നലെ നടന്ന 20 ഓവർ മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത കേരള ജഡ്ജിമാരുടെ ടീം എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ജഡ്ജിമാരുടെ ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടാനേ സാധിച്ചുള്ളൂ.

ഇതാദ്യമായാണ് കേരള, ചെന്നൈ ഹൈക്കോടതി ജഡ്ജിമാരുടെ ടീമുകൾ സൗഹൃദ ക്രിക്കറ്റ് മത്സരം കളിക്കുന്നത്. ചെന്നൈ ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി വ്യക്തിപരമായ അസൗകര്യം കാരണം മത്സരത്തിൽ പങ്കെടുത്തില്ല. പകരം ജസ്റ്റിസ് എം.എം. സുന്ദരേശാണ് നയിച്ചത്.

ഇന്നലെ ഉച്ചയോടെ ആരംഭിച്ച മാച്ചിൽ ടോസ് നേടിയ ചെന്നൈ ടീം കേരള ടീമിനെ ബാറ്റിംഗിന് അയച്ചു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർക്കൊപ്പം ഓപ്പണിംഗിനിറങ്ങിയത്. എന്നാൽ ജസ്റ്റിസ് ബെച്ചു കുര്യൻ ഒരു റണ്ണിന് പുറത്തായി. എ.കെ. ജയശങ്കരൻ നമ്പ്യാർ 24 ബോളിൽ നിന്ന് 32 റൺസ് സ്വന്തമാക്കി. ജസ്റ്റിസ് ഡയസ് എട്ട് റൺസിന് പുറത്തായതോടെ ക്രീസിലെത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 17 ബോളുകളിൽ നിന്ന് 17 റൺസാണ് നേടിയത്. കേരള ഹൈക്കോടതി ജഡ്ജിമാരുടെ ടീം ക്യാപ്ടനായ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ 16 ബോളിൽ നിന്ന് 14 റൺസ് സ്വന്തമാക്കി. റണ്ണറുടെ സഹായത്തോടെയാണ് ചീഫ് ജസ്റ്റിസ് ബാറ്റിംഗിനിറങ്ങിയത്. ആറാമനായി ക്രീസിലെത്തിയ ജസ്റ്റിസ് രാജാ വിജയരാഘവൻ സ്കോർ 100 കടത്തി. മൂന്നു ബൗണ്ടറികളുൾപ്പെടെ 12 ബോളുകളിൽ നിന്നായി 22 റൺസും നേടി.

മറുപടി ഇന്നിംഗ്സിനായി ഇറങ്ങിയ ചെന്നൈ ടീമിന്റെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് അബ്ദുൾ ക്യൂഡുസ് എന്നീ ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ആദ്യ നാല് ഓവറുകളിൽ നിന്നായി ഈ കൂട്ടുകെട്ട് 28 റൺസ് സ്വന്തമാക്കി. കൂട്ടുകെട്ട് പൊളിഞ്ഞതോടെ ടീം തോൽവിയിലേക്ക് കൂപ്പു കുത്തി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് 30 റൺസും അബ്ദുൾ ക്യൂഡുസ് 29 റൺസും നേടി. ചെന്നൈ ടീമിലെ മറ്റൊരാളും രണ്ടക്കത്തിലേക്ക് എത്തിയില്ല. നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ജസ്റ്റിസ് നായിഡുവാണ് കേരളത്തിന്റെ വിജയത്തിന്റെ വഴി തെളിച്ചത്. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.