നെടുമ്പാശേരി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള കുവൈറ്റ് എയർവേയ്‌സ്, ഇൻഡിഗോ, ജസീറ എന്നിവയുടെ സർവീസ് നിലക്കും.

ഇന്നലെ പുലർച്ചെ കുവൈറ്റിലേക്ക് പറക്കാൻ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് സർവീസ് റദ്ദാക്കിയതായുള്ള സന്ദേശമെത്തിയത്. ഇതോടെ മുന്നൂറോളം യാത്രക്കാർ പ്രതിസന്ധിയിലായി. ഇതിൽ ഭൂരിഭാഗവും അവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ചുപോകുന്നവരായിരുന്നു. ഇന്ന് മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവെറ്റ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. ഈ നിർദ്ദേശം നിലനിൽക്കേയാണ് ഇന്ത്യ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങളിൽ നിന്നും വിമാനം വരുന്നതും പോകുന്നതും നിർത്തിവെയ്ക്കണമെന്ന നിർദ്ദേശമുണ്ടായത്.