അടിയന്തര പരിഹാരം കാണാൻ ശുചിത്വ മിഷന് നിർദ്ദേശം
കൊച്ചി: വിനോദസഞ്ചാര മേഖലയായ ഭൂതത്താൻ കെട്ടിലെ മാലിന്യ പ്രശ്‌നത്തിൽ അടിയന്തര പരിഹാരം കാണാൻ ശുചിത്വ മിഷന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പെരിയാറിലേക്ക് വിവിധ കൈവഴികളിൽ നിന്ന് എത്തുന്ന ജലത്തിനൊപ്പം പ്ലാസ്റ്റിക്കും ഇറച്ചിയടക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ വന്നടിയുന്നതാണ് പ്രശ്നം.ചാലിശ്ശേരി സ്വദേശിയായ പൊതുപ്രവർത്തകൻ അരുൺ ചന്ദ് പാലക്കാട്ടിരി മാലിന്യ പ്രശ്‌നം കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധിൽപ്പെടുത്തിയതോടെയാണ് നടപടി. ഭൂതത്താൻകെട്ട് അണക്കെട്ടിലേതുൾപ്പെടെയുള്ള പെരിയാറിന്റെ പ്രദേശങ്ങളിലുള്ള മാലിന്യങ്ങൾ നീക്കാനായി അടിയന്തര നടപടി സ്വീകരിക്കാൻ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ഭവനനഗരകാര്യ മന്ത്രി ഹർദ്ദീപ് സിംഗ് പുരി സിംഗിന്റെ ഓഫീസാണ് ഉത്തരവിറക്കിയത്.
സഞ്ചാരികൾ മദ്യകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിയുന്നത് പതിവാണ്.ഭൂതത്താൻകെട്ടിലെ കാഴ്ചകൾകാണാൻ തയ്യാറാക്കിയിരിക്കുന്ന പ്രദേശത്താണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. മാലിന്യം തള്ളുന്നിടത്ത് തെരുവുനായ്ക്കളുടെ അതിപ്രസരം കുട്ടികളും സ്ത്രീകളുമടങ്ങുന്ന സഞ്ചാരികളെ പലപ്പോഴും ഭയപ്പെടുത്തുന്നു. മാലിന്യത്തിൽ പെരുകുന്ന എലികളെ പിടികൂടാനായി വിഷപാമ്പുകളെത്തുന്നതും ഭീഷണിയാണെന്ന് നാട്ടുകാരും പരാതിപ്പെട്ടിരുന്നു.