കൊച്ചി: ഇന്നലെ രാവിലെ 10.25 ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഒന്നാം പ്ളാറ്റ്ഫോമിലെ വേണാട് എക്സ്പ്രസിൽ നിന്നുയർന്ന ചൂളംവിളി റെയിൽവേയുടെ പുതിയ ചരിത്രത്തിന് നാന്ദി കുറിക്കലായി. വനിതാ ദിനത്തിൽ ഷൊർണൂർക്ക് പുറപ്പെട്ട വേണാട് ഓടിച്ചതും സിഗ്നൽ കാട്ടിയതും ടിക്കറ്റ് പരിശോധിച്ചതുമെല്ലാം വനിതകൾ.
അങ്ങനെ പൂർണമായും വനിതകളാൽ നിയന്ത്രിച്ച ട്രെയിൻ ഓടിച്ച് റെയിൽവേ വനിതാദിനം ആഘോഷമാക്കി. 1.25 ന് ഷോർണൂർ എത്തേണ്ട വണ്ടി ഇന്നലെ പതിനഞ്ച് മിനിട്ട് (1.10 ന് ) നേരെത്തേയെത്തി.
ലോക്കോ പൈലറ്റ് മുതൽ ഗാർഡ് വരെ 15 പെണ്ണുങ്ങളുടെ കരുത്തിലാണ് ഇന്നലെ വേണാട് എറണാകുളത്ത് നിന്ന് ഷൊർണൂർക്ക് പോയത്. ചരിത്രയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ വനിതാ അസിസ്റ്റന്റ് കളക്ടറും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർമാരും എത്തിയപ്പോൾ സന്തോഷത്തിന് ഇരട്ടിമധുരം.
തിരുവനന്തപുരത്തു നിന്ന് ഇന്നലെ രാവിലെ ഓട്ടം തുടങ്ങി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിൽ എത്തിയപ്പോഴാണ് വേണാടിന്റെ പൂർണ നിയന്ത്രണം വനിതകളുടെ കൈകളിലേക്കെത്തിയത്.
ലോക്കോ പൈലറ്റായി ടി.പി. ഗൊറോത്തിയും അസിസ്റ്റന്റ് ലോക്കോ പൈലറ്റായി വിദ്യാദാസും എൻജിൻ മുറിയിലും
റിസർവേഷൻ ചാർട്ടുമായി ടി.ടി.ഇ ഗീതാകുമാരി ബോഗിയിലും കയറി. റിസർവേഷൻ, ഗേറ്റ് കീപ്പിംഗ്, ട്രാക്ക് വുമൺ, സിഗ്നൽ, ഗാരേജ്, വാഗൺ, ഇൻഫർമേഷൻ എന്നിവയിലും പ്രധാന ചുമതലകൾ വഹിച്ചത് വനിതകളാണ്.
അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലി, സേവനനികുതി കൊച്ചി മേഖലാ ഡപ്യൂട്ടി ഡയറക്ടർ ഗായത്രി പി.ജി എന്നിവർ വനിതാസാരഥികളെ അഭിനന്ദിച്ചശേഷം പച്ചക്കൊടി വീശി വേണാടിനെ യാത്രയാക്കി. റെയിൽവേയിലെ നിരവധി വനിതാജീവനക്കാരും ആഹ്ളാദം പങ്കുവയ്ക്കാനും ആശംസകൾ അർപ്പിക്കാനും എത്തിയിരുന്നു.
വേണാടിന്റെ വനിതാ കരുത്ത്
ലോക്കോ പൈലറ്റ് : ടി.പി. ഗോറോത്തി
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് : വിദ്യാദാസ്
ഗാർഡ് : ശ്രീജ എം.
ടി.ടി.ഐ : ഗീതാകുമാരി
പ്ളാറ്റ് ഫോം എസ്.എം : ദിവ്യ
ക്യാബിൻ എസ്.എം : നീതു
പോയിന്റ്സ്‌മാൻ : പ്രസീദ, രജനി
മെക്കാനിക്കൽ ടെക്നീഷ്യൻസ് : സിന്ധു വിശ്വനാഥ്, ബീന വി.ആർ, എ.കെ. ജയലക്ഷ്‌മി
അസിസ്റ്റന്റ്സ് : സൂര്യ കമലാസനൻ, ടി.കെ. വിനീത, ശാലിനി രാജു, അർച്ചന.