കൊച്ചി: പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളെ ഒഴിവാക്കി ആറായിരം പുതിയ സിറ്റി പെർമിറ്റുകൾ അനുവദിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം കനത്തു. പുതിയ വൈദ്യുതി, സി.എൻ.ജി ഓട്ടോകൾക്ക് പെർമിറ്റുകൾ അനുവദിക്കുമ്പോൾ നിലവിൽ പരമ്പരാഗത ഡ്രൈവർമാർക്ക് മുൻഗണന നൽകണമെന്നാണ് ആവശ്യം.

കൊച്ചി നഗരത്തിൽ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾക്ക് ഇനി പെർമിറ്റ് നൽകേണ്ടെന്ന് സർക്കാർ മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്നു. ഏതാനും വർഷങ്ങളായി പുതിയ സിറ്റി പെർമിറ്റുകൾ അനുവദിക്കുന്നില്ല. സിറ്റിയ്ക്ക് പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളാണ് സ്റ്റാൻഡില്ലാതെ നഗരത്തിൽ കൂടുതലും സർവീസ് നടത്തുന്നത്.

പുതിയ പെർമിറ്റുകൾ

ആറായിരത്തോളം പുതിയ പെർമിറ്റുകൾ നൽകാൻ മോട്ടോർ വാഹന ഗതാഗത വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. സി.എൻ.ജി, വൈദ്യുതി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കാണ് പെർമിറ്റ് അനുവദിക്കുക. നിലവിലെ പെർമിറ്റുകൾ തീരുമ്പോൾ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ അനുവദിക്കില്ല. അതിനാൽ നിലവിലെ ഡ്രൈവർമാർക്ക് തന്നെ വൈദ്യുതി, സി.എൻ.ജി പെർമിറ്റുകൾ നൽകണമെന്നാണ് ആവശ്യം.

# ഉപജീവനമാർഗം തടയരുത്

പെർമിറ്റ് വിതരണം ശാസ്ത്രീയമായും തൊഴിലാളികളുടെ അഭിപ്രായം മാനിച്ചുമാകണമെന്ന് എറണാകുളം ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കൺവെൻഷൻ ആവശ്യപ്പെട്ടു. ഉപജീവന മാർഗം സംരക്ഷിക്കാൻ സമരം നടത്തും. സിറ്റിയിൽ പതിനായിരം സിറ്റി പെർമിറ്റെങ്കിലും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

കൺവെൻഷൻ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി എ.ബി. സാബു, ടി.കെ. രമേശൻ, ബാബു സാനി, ബി.ജെ. ഫ്രാൻസിസ്, കെ.ജി. ബിജു, സി.ഐ. ടെൻസൺ, പി.സി. സുനിൽകുമാർ, സെൽജൻ അട്ടിപ്പേറ്റി മുതലായവർ പ്രസംഗിച്ചു. എറണാകുളം റീജിയണൽ പ്രസിഡന്റ് എ.എൽ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

# ഒഴിവാക്കരുത്

നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ഡീസൽ, പെട്രോൾ ഓട്ടോ തൊഴിലാളികളെ ഒഴിവാക്കി ഓട്ടോറിക്ഷകൾക്ക് സിറ്റി പെർമിറ്റ് നൽകി ബാക്കി തൊഴിലാളികളുടെ കുടുംബങ്ങളിൽ പട്ടിണി വിളമ്പുന്ന അധികാരികളുടെ നിലപാടിനെ ശക്തമായി എതിർക്കും.

ഹൈബി ഈഡൻ എം.പി