കൊച്ചി: ചുമട്ടുതൊഴിൽ മേഖലയിലെ സ്തംഭനം പരിഹരിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെ സമരപരിപാടികൾ നടത്താൻ സംസ്ഥാന ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ കെ.കെ. ഇബ്രാഹിംകുട്ടി, വി.ആർ. പ്രതാപൻ, സുന്ദരൻ കുന്നത്തുള്ളി, കെ. അപ്പു, ഫിലിപ്പ് ജോസഫ്, ബാബു ജോർജ്, നാസറുദ്ദീൻ, ടി.കെ.രമേശൻ, അസീസ് പായിക്കാട്, ടി.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങളാണ് ചുമട്ടു തൊഴിലാളി മേഖലയിലെ സ്തംഭനത്തിന് കാരണം. കേന്ദ്രം നടപ്പാക്കിയ നോട്ടു നിരോധനവും ജി.എസ്.ടി.യും നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിച്ചതു മൂലം ചരക്കു വരവ് കുറഞ്ഞു. കയറ്റിറക്കു രംഗത്ത് യന്ത്രവത്കരണം വന്നതോടെ തൊഴിൽ ഇല്ലാതാക്കി. പരിഹരിക്കാൻ സംസ്ഥാന വ്യവസായ, തൊഴിൽ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു.