കൊച്ചി: ഇറ്റലിയിൽ നിന്ന് നെടുമ്പാശേരി വഴി എത്തിയ മൂന്നുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളം മുതൽ അവരുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം നിർദ്ദേശിച്ചു.
നടപടികൾ
# രോഗ ബാധിതരായ മൂന്നുപേരുടെ ചിത്രങ്ങൾ സി.സി ടി.വിയിൽ കണ്ടെത്തി. വിമാനത്താവളത്തിൽ ഇവർ കടന്നുപോയ വഴികൾ തിരിച്ചറിഞ്ഞു. ആരെയൊക്കെ ബന്ധപ്പെട്ടെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്.
# വിമാനത്തിൽ വന്ന മുഴുവൻ യാത്രക്കാരുടെയും ജീവനക്കാരുടെയും വിലാസം ശേഖരിച്ചു. അവരെ ബന്ധപ്പെടാൻ ശ്രമം ആരംഭിച്ചു. ലഭിക്കുന്ന വിവരങ്ങൾ അതത് ജില്ലകളിലെ മെഡിക്കൽ ടീമുകൾക്കും സംസ്ഥാനതല കൺട്രോൾ റൂമിനും കൈമാറും. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും.
# കൊച്ചിയിൽ നിന്ന് രോഗബാധിതർ സഞ്ചരിച്ച കാർ കണ്ടെത്തി ഡ്രൈവറെയും നിരീക്ഷണത്തിലാക്കാൻ ശ്രമം തുടങ്ങി.
# വിമാനത്താവളത്തിൽ എത്തിയവരെ തിരിച്ചറിയാൻ സി.സി ടി.വികൾ പരിശോധിച്ചു തുടങ്ങി.
നിർദ്ദേശങ്ങൾ
# ഫെബ്രുവരി 29ന് രാവിലെ വിമാനത്താവളത്തിൽ വന്നുപോയവർ രോഗലക്ഷണം കണ്ടാൽ മെഡിക്കൽ സംഘവുമായി ബന്ധപ്പെടണം.
# ആ സമയത്ത് വിമാനത്താവളത്തിൽ ജോലിചെയ്തവരും അവിടെയെത്തിയവരും ജാഗ്രത പാലിക്കണം.
# വ്യക്തിശുചിത്വത്തിന് എല്ലാവരും ശ്രദ്ധിക്കണം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം.