നെടുമ്പാശേരി: പത്തനംതിട്ട സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കർശനമാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ചേർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ദിശ 1056 എന്ന നമ്പറിൽ വിളിച്ചാൽ ഡോക്ടറുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാം. 29ന് രാവിലെ വിമാനത്താവളത്തിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് എത്തിയവരും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
ഇതുവരെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവരുടെ പരിശോധനയാണ് നടത്തിയത്. എന്നാൽ ഇനി മുതൽ യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് നടത്തും. കണക്ട് ഫ്‌ലൈറ്റുകൾ വഴി വിദേശ രാജ്യങ്ങളിൽ നിന്നും ഡൊമസ്റ്റിക് ടെർമിനലിൽ എത്തുന്നവരെയും സ്‌ക്രീനിംഗിനു വിധേയമാക്കും. 29ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ കൂടുതൽ ശ്രദ്ധിക്കണം. പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ഫ്ളൈറ്റിലെ ജീവനക്കാരോടും ശ്രദ്ധ പുലർത്താൻ കളക്ടർ നിർദ്ദേശിച്ചു. ജീവനക്കാർക്ക് നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
യോഗത്തിൽ സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, ഡി.എം.ഒ. ഡോ. എം.എ. കുട്ടപ്പൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീദേവി, ഡെപ്യൂട്ടി എ.പി.എച്ച്.ഒ ഡോ. ടെഡ്ഡി, ഡോ. ഹംസ കോയ, സിയാൽ ജനറൽ മാനേജർ സി. ദിനേശ്കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.