ആലുവ: ശ്രീനാരായണ ദർശനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ആലുവ അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന 'അദ്വൈതാശ്രമം കൺവെൻഷൻ' സംഘടിപ്പിക്കും. ഏപ്രിൽ അവസാനവാരം അദ്വൈതാശ്രമത്തിൽ നടക്കുന്ന കൺവെൻഷനിൽ ശ്രീനാരായണ ദർശനത്തെ ആധാരമാക്കി വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ളാസെടുക്കും. കഴിഞ്ഞ വർഷമാണ് അദ്വൈതാശ്രമം ശ്രീനാരായണ ധർമ്മവിചാരസത്രം എന്ന പേരിൽ ആരംഭിച്ച പഠനക്ളാസാണ് ഈ വർഷം മുതൽ 'അദ്വൈതാശ്രമം കൺവെൻഷൻ' എന്ന പേരിൽ വിപുലപ്പെടുത്താൻ തീരുമാനിച്ചത്.
അദ്വൈതാശ്രമത്തിൽ നടന്ന ആലോചന യോഗത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ഗുരുധർമ്മ പ്രചരണ സഭ കോ ഓർഡിനേറ്റർ എ.എസ്. ജെയിൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, ബാബു മുപ്പത്തടം, ശശി തൂമ്പായിൽ എന്നിവർ സംസാരിച്ചു. ഭക്തജനസമിതി കൺവീനർ എം.വി. മനോഹരൻ സ്വാഗതവും ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതിഅംഗം പി.എസ്. സിനീഷ് നന്ദിയും പറഞ്ഞു.
യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, വി.എ. ചന്ദ്രൻ, മുൻ ഭാരവാഹികളായ കെ.എൻ. ദിവാകരൻ, ആർ.കെ. ശിവൻ, പി.പി. സുരേഷ്, ഷിജി രാജേഷ് എന്നിവർ ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.