ആലുവ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി പിടികൂടി. തൊടുപുഴ മഞ്ഞളൂർ വടവുകോട് കണിയാംകണ്ടത്തിൽ ടോമി എന്ന് വിളിക്കുന്ന സൽജി സൽജി അഗസ്റ്റ്യൻ (43) ആണ് ആലുവയിൽ വടക്കേക്കര പൊലീസിന്റെ പിടിയിലായത്.
വടക്കേക്കര മുണ്ടുരുത്തി മണപ്പുറത്ത് വീട്ടിൽ ശിവദാസന്റെ മകൻ എം.എസ്. വിഷ്ണുദാസ്, സുഹൃത്തുക്കളായ മനോജ്, സഞ്ജയ്, രാഹുൽ, ശ്രീരാജ്, ജിക്സൺ എന്നിവർ നൽകിയ പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഡൽഹിയിൽ ഗസൈക്ക എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന പ്രതി വിഷ്ണുദാസിനെയും സുഹൃത്തുക്കളെയും അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് 1.80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
പൊലീസ് പറയുന്നത്: 2019 ജനുവരിയിൽ സുഹൃത്ത് നൽകിയ നമ്പർ പ്രകാരമാണ് വിഷ്ണുദാസ് പ്രതിയെ ഫോണിൽ ബന്ധപ്പട്ടത്. തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിയുമായി വിഷ്ണുവും സുഹൃത്തുക്കളും ആദ്യമായി കണ്ടുമുട്ടി. 1.70 ലക്ഷം രൂപ നൽകിയാൽ അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. 30,000 രൂപ അഡ്വാൻസും ബാക്കി വിസ ലഭിക്കുമ്പോൾ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിഷ്ണുവും സുഹൃത്തുക്കളും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.
എന്നാൽ വിസ ലഭിക്കാതായപ്പോൾ അർമേനിയയിലേക്ക് കൊണ്ടുപോകാമെന്നായി. പിന്നീട് ഇവരെ ഡൽഹിയിൽ എത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത് നൽകിയശേഷം പ്രതി മുങ്ങി. ഫോൺ സ്വിച്ച് ഒഫുമാക്കി. 2019 മേയിൽ ആലുവ ഡിവൈ.എസ്.പിക്ക് പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. 2020 ജനുവരി 21ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് വടക്കേക്കര പൊലീസിനോട് അന്വേഷിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് നവമാദ്ധ്യമങ്ങളിലൂടെ പ്രതിയുടെ പുതിയ ഫോൺ നമ്പർ സംഘടിപ്പിച്ച ശേഷം വിഷ്ണുദാസിന്റെ ബന്ധുവായ ഒരു പെൺകുട്ടി വഴിയാണ് പ്രതിയെ കുടുക്കിയത്.
റെയിൽവേയിലാണ് പെൺകുട്ടിക്ക് പ്രതി ജോലി വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. മുൻകൂറായി നൽകേണ്ട ഒരു ലക്ഷം രൂപ ഇന്നലെ ആലുവ ബൈപ്പാസിലെ ഇഫ്താർ ഹോട്ടലിൽ വാങ്ങാനെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് പിടികൂടിയത്. പെൺകുട്ടിക്കൊപ്പം പിതാവും ഉണ്ടായിരുന്നു. പൊലീസ് പേര് ചോദിച്ചപ്പോൾ സഞ്ചു എന്ന വ്യാജപേര് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ആലുവ ഡിവൈ.എസ്.പി ഓഫീസിൽ ഹാജരാക്കിയ ശേഷം പ്രതിയെ വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.