അമ്മക്കിളിക്കൂട് 35 -ാം മത് ഭവനത്തിന്റെ താക്കോൽദാനം വനിതാദിനത്തിൽ
ആലുവ: ദുരിതങ്ങൾ വേട്ടയാടിയ ബീവിഉമ്മയ്ക്കും മക്കൾക്കും ഇനി പേടിക്കാതെ സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. നിർദ്ധനയായ ഉമ്മയ്ക്കും രോഗികളായ രണ്ട് പെൺ മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ അമ്മക്കിളിക്കൂട് പദ്ധതിപ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽ ലോകവനിതാ ദിനത്തിൽ സിനിമാതാരം നിമിഷ സജയൻ കൈമാറി.
ചൂർണിക്കര പഞ്ചായത്ത് പള്ളിക്കവലയിൽ കല്ലുങ്കൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ബീവിക്കും എഴുന്നേറ്റ് നടക്കാൻ കഴിയാത്ത മൂത്തമകൾ സുഹറയ്ക്കും ബുദ്ധിവികാസമില്ലാത്ത രണ്ടാമത്തെ മകൾ ബുഷറയ്ക്കും താമസിക്കാനാണ് വീട് നിർമ്മിച്ചത്.
സ്വന്തമായി ഭൂമിയുണ്ടായിട്ടും അടച്ചുറപ്പില്ലാത്ത കൂരകളിലും വാടകവീടുകളിലും കഴിയേണ്ടിവരുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതഭവനം ഒരുക്കുന്ന അൻവർ സാദത്ത് എം.എൽ.എയുടെ 'അമ്മക്കിളിക്കൂട്' ഭവന പദ്ധതിയിൽപ്പെടുത്തിയാണ് വീട് നിർമ്മിച്ചത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നഗരവാസിയാണ് 6.12 ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ച് നൽകിയത്.
ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ ഹാരിസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, മെമ്പർമാരായ സി.കെ. ജലീൽ, സി.കെ. നൗഷാദ്, പഞ്ചായത്ത് മെമ്പർമാരായ ബാബു പുത്തനങ്ങാടി, ഷിറാസ് അലിയാർ, ലീനേഷ് വർഗീസ്, സതി ഗോപി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. സുലൈമാൻ, കെ.കെ ജമാൽ, അഷ്‌കർ, ഡൊമിനിക് കാവുങ്കൽ എന്നിവർ സംസാരിച്ചു.
പദ്ധതിയിൽ പൂർത്തിയായ 34 ഭവനങ്ങൾ കൈമാറുകയും മറ്റു എട്ട് ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശേരി, ചെങ്ങമനാട്, ചൂർണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയുമാണ്. 510 ചതുരശ്ര അടിയിൽ രണ്ടു ബെഡ് റൂം കിച്ചൻ, ഹാൾ, സിറ്റൗട്ട് ആയിട്ടാണ് ഈ ഭവനങ്ങൾ നിർമ്മിക്കുന്നത്.