mister
മിസ്റ്റർ വേൾഡ് 2019 ചിത്തരേഷ് നടേശന് ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലൂടെ നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം

കൊച്ചി: ഇന്ത്യയുടെ അഭിമാനമായ മിസ്റ്റർ വേൾഡ് 2019 ചിത്തരേഷ് നടേശന് ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലൂടെ വീടൊരുങ്ങുന്നു. നടൻ കുഞ്ചാക്കോ ബോബനാണ് വീട് സ്‌പോൺസർ ചെയ്യുന്നത്. ശിലാസ്ഥാപന കർമ്മം ഹൈബി ഈഡൻ നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ ജോർജ്, ലെസ്ലി സ്റ്റീഫൻ, സിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

നാടിന്റെ അഭിമാനമായ ചിത്തരേഷിന് നൽകുന്ന ചെറിയ സമ്മാനമാണ് ഈ വീടെന്ന് എം.പി പറഞ്ഞു.
തണൽ ഭവനപദ്ധതിയിലെ 47 ാമത്തെ വീടായി ചിത്തരേഷിന്റെ വീട് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റിട്ട ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ചിത്തരേഷും അച്ചൻ നടേശനും അമ്മ നിർമ്മലയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ചിത്തരേഷിന്റെ ഭാര്യ ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ നാസിബയും ചടങ്ങിനെത്തിയിരുന്നു. ഡൽഹിയിൽ സ്വകാര്യ ജിമ്മിൽ ട്രെയിനറായ ചിത്തരേഷ് നാട്ടിലെത്തുമ്പോൾ താമസിക്കുന്നത് ഈ കൊച്ചുവീട്ടിലായിരുന്നു. നാല് സെന്റ് സ്ഥലത്ത് ഒരു നല്ല വീട്ടിൽ അച്ചനെയും അമ്മയെയും താമസിപ്പിക്കുക എന്നചിരകാല സ്വപ്നമാണ് പൂവണിയുന്നതെന്ന് ചിത്തരേഷ് നടേശൻ പറഞ്ഞു. 60 ദിവസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നും എം.പി പറഞ്ഞു.