# വിഷ്ണുപ്രസാദിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
# മഹേഷിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി
തൃക്കാക്കര : പ്രളയ ദുരിതാശ്വാസനിധി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ദുരന്തനിവാരണ വിഭാഗത്തിൽ സെക്ഷൻ ക്ലാർക്കായിരുന്ന മുഖ്യ പ്രതി വിഷ്ണു പ്രസാദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.എറണാകുളത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചാണ് വിഷ്ണുവിനെ ചോദ്യം ചെയ്യുന്നത്.സി.പി.എം നേതാക്കൾക്ക് പുറമേ മറ്റുചിലരുമായി വിഷ്ണു നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ദുരിതാശ്വാസനിധി സോഫ്റ്റ് വെയറിലെ പിഴവ് മഹേഷുമായി പങ്കുവെച്ചതോടെയാണ് പണം തട്ടാനുള്ള പദ്ധതിക്ക് രൂപം കൊണ്ടത്.തുടർന്ന് മഹേഷിന്റെ സുഹൃത്തുക്കളായ നിഥിനെയും മഹേഷിനെയും സംഘത്തിൽ ചേർക്കുകയായിരുന്നു.
പൊളളാച്ചിയിലെ കോഴി ഫാമിൽ പങ്കാളിയാക്കാമെന്ന് അൻവറിനും,നിഥിനും മഹേഷ് ഉറപ്പ് കൊടുത്തിരുന്നതായി വിഷ്ണു പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പ്രളയ ദുരിതാശ്വാസനിധിയിൽ നിന്നുളള പണമാണ് ഇവരുടെ അക്കൗണ്ടിൽ വരുന്നതെന്ന് ഇവർക്ക് അറിയുമോയെന്ന ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്.ജില്ലാ ഭരണ കൂടം ഇതുവരെ ഏഴ് കേസുകളിലായി 15,5400 രൂപ പ്രളയ ഫണ്ടിൽ നിന്നും നഷ്ടപ്പെട്ടതായാണ് പറയുന്നതെങ്കിലും 60 ലക്ഷം രൂപയോളം പ്രളയ ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
# മഹേഷിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി
മഹേഷിന്റെ കാക്കനാടുളള വീട്ടിൽ തൃക്കാക്കര സി.ഐ ആർ.ഷാബുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി .ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് അന്വേഷണ സംഘം മഹേഷുമായി എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.മഹേഷിന്റെ സ്വത്ത് സംബന്ധിക്കുന്ന രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു.മഹേഷിന്റേയും ഭാര്യ നീതുവിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും,പാസ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചു.ഇവർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
പൊളളാച്ചിയിലെ കോഴി ഫാമിന്റെ രേഖകൾ വീട്ടിൽ ഉണ്ടായിരുന്നില്ല. മുഴുവൻ രേഖകളും സ്വദേശമായ കൊല്ലത്താണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
മഹേഷിന്റെ കൊല്ലത്തെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തും.