കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഇറ്റലിയിൽ നിന്നുവന്ന പത്തനംതിട്ട സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിൽ ജാഗ്രത കർശനമാക്കി. വിമാനത്താവളത്തിലും പുറത്തും മൂന്നുപേരും ഇടപഴകിയവർക്ക് രോഗസാദ്ധ്യതയും ഭയക്കപ്പെടുന്നുണ്ട്.

ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

ഫെബ്രുവരി 29 ന് രാവിലെ 8.30 ന് ദോഹ കൊച്ചി വിമാനത്തിലാണ് പത്തനംതിട്ട സ്വദേശികൾ നെടുമ്പാശേരിയിലെത്തിയത്. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരും നിരവധി പേർ എറണാകുളം ജില്ലക്കാരാണെന്നതും ഭീതി പരത്തുന്നുണ്ട്. ഇറ്റലിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ വന്നത്. സ്വന്തം വാഹനത്തിൽ പത്തനംതിട്ട റാന്നിയിലേക്ക് പോയി. രണ്ടു ദിവസം മുമ്പാണ് ഇവർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്.

കൊച്ചിയിൽ നിന്നുള്ള യാത്രയ്ക്കിടെ ഇവർ കയറിയ ഹോട്ടലുകൾ, ബന്ധു വീടുകൾ, മറ്റു സ്ഥലങ്ങൾ എന്നിവയെച്ചൊല്ലി ആശങ്കയുണ്ട്. ഇവരുമായി ഇടപഴകിയവർക്കും അവരിലൂടെയും രോഗം പടരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
യോഗത്തിൽ സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, ഡി.എം.ഒ. ഡോ.എം.എ. കുട്ടപ്പൻ, ഡപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീദേവി, ഡപ്യൂട്ടി എ.പി.എച്ച്.ഒ ഡോ. ടെഡി, ഡോ. ഹംസ കോയ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

# മെഡിക്കൽ കോളേജിലും ജാഗ്രത

വിമാനത്താവളത്തിലെ പരിശോധനയിൽ സംശയം തോന്നുന്നവരെ കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിക്കും. ആറുപേർ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നലെ രണ്ടുപേരെക്കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. 152 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരുടെ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിക്കും.

കൺട്രോൾ റൂം : 0484 2368802

സ്ഥിതിഗതികൾ വിലയിരുത്താൻ വകുപ്പ് അധികൃതർ അടിയന്തിര യോഗം ചേർന്നു.

182 യാത്രക്കാർ ഭീതിയിൽ

ആറുപേർ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ