a
സിജേഷ് കുമാർ

തൃക്കാക്കര:വഴിയാത്രക്കാരനെ തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി മെബൈൽ ഫോണും പണവും തട്ടിയെടുത്ത പ്രതികളെ പൊലീസ് പിടികൂടി. അത്താണി കീരേലിമല സിജേഷ് കുമാർ (30) അത്താണിയിൽ വാടകക്ക് താമസിക്കുന്ന ഗാന്ധിനഗർ ഉദയാ കോളനി അജിത് (31) എന്നിവരാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച്ച രാത്രി 10.45 ന് കാക്കനാട് താമസിക്കുന്ന ഉടുമ്പഞ്ചോല സ്വദേശി ബോബി ജോർജാണ് ആക്രമണത്തിനിരയായത്. വീട്ടിലേക്കുള്ള പോകും വഴി പാട്ടുപുരക്കൽ കൊല്ലംകുടിമുകളിനടുത്തുള്ള മുനിസിപ്പൽ ഗ്രൗണ്ടിന് സമീപത്ത് വച്ചായിരുന്നു സംഭവം. ബോബിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 1300 രൂപയും മൊബൈൽ ഫോണും പിടിച്ചു വാങ്ങി. ബോബിയുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. ബോബി കുതറി മാറിയ ശേഷം തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറോളം സമീപത്തെ ബാറിലും കോളനികളിലും തിരച്ചിൽ നടത്തിയാണ് കൊല്ലംകുടിമുകളിൽ നിന്നും ഇവരെ പിടികൂടിയത്. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ.ഷാബു, എസ്.ഐമാരായ പി.പി. ജസ്റ്റിൻ, എൻ.ഐ.റഫീഖ്, റോയി.കെ.പുന്നൂസ്, ബിനു തോമസ്, സിവിൽ പൊലീസ് ഓഫിസർ ഷജീർ, ജാബിർ, ജയശ്രീ എന്നിവരുടെനേതൃത്വത്തിലായിരുന്നു തിരച്ചിൽ. പ്രതികൾ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയും മൊബൈൽ ഫോണും കണ്ടെത്തി.പ്രതി അജിത് കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതകം, കവർച്ച എന്നീ കേസുകളിൽ പ്രതിയാണ്.