കോലഞ്ചേരി: ഇറച്ചി കോഴി വില കുത്തനെ ഇടിഞ്ഞു. വില 50 രൂപയിലെത്തി. ഗ്രാമീണ മേഖലകളിൽ അടുത്ത് കാലത്തെങ്ങും ഇത്ര കണ്ട് വില കുറഞ്ഞിട്ടില്ല. കനത്ത ചൂടിൽ കോഴികൾ ചത്തു പോകുന്നതും, പക്ഷി പനി ഭീതിയുമാണ് വിപണിയെ പിടിച്ചുലച്ചത്. കോഴിക്കോട് ജില്ലയിൽ പക്ഷി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ് നാട്ടിൽ നിന്നെത്തുന്ന കോഴി ഫാമിലെ കോഴികൾക്ക് ആവശ്യക്കാരില്ലാതായി. സംസ്ഥാനത്തെ മൊത്ത വിപണന ശൃംഖലകളിൽ നിന്നും പ്രാദേശിക വിതരണക്കാർ കോഴിയെടുക്കാൻ വിസമ്മതിക്കുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്​റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും വളർത്തു പക്ഷികളെ മുഴുവൻ കൊന്നൊടുക്കിയവാർത്ത വിപണിയെ പിടിച്ചുലച്ചു.

രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീ​റ്റർ ചു​റ്റളവിൽ ജാഗ്രത പ്രഖ്യാപിച്ച് ഈ പരിധിയിലുള്ള കോഴിക്കടകളും ഫാമുകളും അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. ഇനിയും വില കുറയുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.