prathikal1
പിടിയിലായ റിയാസ്

പള്ളുരുത്തി: തോപ്പുംപടി ഓടംപള്ളി ലൈനിൽ വച്ച് ന്യൂസ് ഫോട്ടോഗ്രഫർ സി.വി. യേശുദാസിനെ ആക്രമിച്ചവരെ തോപ്പുംപടി പൊലീസ് അറസ്റ്റുചെയ്തു. വൈപ്പിൻ എടവനക്കാട് പാറ്റക്കൽ കുറുപ്പംവീട്ടിൽ റിയാസ് (45), പെരുമ്പടപ്പ് നികർത്തിൽ വീട്ടിൽ ഹമീദിന്റെ മകൻ തെപ്പായി എന്നു വിളിക്കുന്ന ഷാജഹാൻ (47) എന്നിവരെയാണ് സി.ഐ.അനുപ്, എസ്.ഐ.ദാസ്, എ.എസ്. ഐ സജീവ് രാജ്, സി.പി.ഒ മാരായ സതീശ്, ഉമേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. പള്ളുരുത്തി, തോപ്പുംപടി, ഫോർട്ടുകൊച്ചി പോലിസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തോപ്പുംപടി ഓടംപള്ളി ലൈൻ തൊട്ടടുത്ത ഒഴിഞ്ഞപറമ്പ്, ഓടംപള്ളി ലൈനിൽ നിന്നു സി.എ സേവ്യർ ഹാളിലേക്കുള്ള കോൺക്രീറ്റ് വഴി എന്നിവ കേന്ദ്രീകരിച്ച് ഇവർ ഏറെ നാളുകളായി മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് വില്പന എന്നിവ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.