amma
അമ്മുക്കുട്ടി

പാലാ : അമ്മയുടെ മൃതദേഹം റോഡരുകിലെ കുറ്റിക്കാട്ടിൽ എറിഞ്ഞു കളഞ്ഞശേഷം മുങ്ങിയ മകൻ പൊലീസിന്റെ പിടിയിൽ. മാവേലിക്കര ചെട്ടിക്കുളങ്ങര അമലാഭവനിൽ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടിയുടെ (76) മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ ഇളയ മകൻ അലക്‌സ് ബേബിയാണ് (46) പാലാ പൊലീസിന്റെ പിടിയിലായത്. സംസ്‌ക്കരിക്കാൻ പണമില്ലാത്തതിനാലാണ് എറിഞ്ഞു കളഞ്ഞതെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞ ന്യായം. 10 വർഷം മുമ്പ് അമ്മുക്കുട്ടിയുടെ പേരിലുള്ള വസ്തു വിറ്റ് കിട്ടിയ 60 ലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു ഈ ക്രൂരത. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് പാലാ- തൊടുപുഴ സംസ്ഥാന പാതയ്ക്കു സമീപം കലുങ്കിനടിയിലെ കുറ്റിക്കാട്ടിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന നിലയിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

പിതാവ് ബേബി 10 വർഷം മുമ്പ് മരിച്ച ശേഷം സ്വന്തം നാടായ ചെട്ടിക്കുളങ്ങരയിലെ വസ്തുക്കൾ വിറ്റ് അമ്മയെയും കൂട്ടി അലക്‌സ് പലയിടങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു.രണ്ടര വർഷമായി ചിങ്ങവനത്ത് സ്വകാര്യ ലോഡ്ജിലായിരുന്നു താമസം.

പ്രായാധിക്യവും അസുഖവും ബാധിച്ച അമ്മുക്കുട്ടി കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ മരിച്ചു. രാത്രി ഒൻപതോടെ മൃതദേഹം ലോഡ്ജ് മുറിയിൽ നിന്ന് സ്വന്തം കാറിൽ കയറ്റി സീറ്റ് ബൽറ്റിട്ട് ഇരുത്തി. ലോഡ്ജ് ജീവനക്കാരോട് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോവുകയാണന്നാണ് പറഞ്ഞത്.
തുടർന്ന് പുതുപ്പള്ളി, കിടങ്ങൂർ വഴി 12.30 ഓടെ പാലായിലെത്തി കുറ്റിക്കാടുകൾ നിറഞ്ഞ ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. തുടർന്ന് കാർ പാലാ കെ. എസ്. ആർ.ടി.സി. യ്ക്ക് അടുത്തുള്ള പേ ആന്റ് പാർക്കിൽ ഇട്ടശേഷം അലക്‌സ് ബസിൽ കോട്ടയത്തേക്കു പോയി. പിറ്റേന്ന് കുമളി, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും കറങ്ങി.

സി.സി.ടി.വി ദൃശൃങ്ങളിൽ നിന്ന്, സംശയം തോന്നിയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണവും ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫിന് ലഭിച്ച രഹസ്യവിവരവുമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. മഫ്തി പൊലീസ് പേ ആന്റ് പാർക്ക് സ്ഥലത്ത് രണ്ടു ദിവസമായി കാത്തു നിൽക്കുകയായിരുന്നു. ഇന്നലെ കാർ എടുക്കാനായി അലക്‌സ് എത്തിയപ്പോൾ പിടുകൂടുകയായിരുന്നു. അമ്മുക്കുട്ടിയുടെ ഒരു മകൻ ഗൾഫിലാണ്. ഇയാൾ എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. സി.ഐ. വി.എ. സുരേഷ്, പൊലീസ് ഉദ്യോഗസ്ഥരായ തോമസ് സേവ്യർ, മാണി പി.കെ., അബ്ബാസ് പി.എ. , ഷാജിമോൻ പി.വി .എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.