കൊച്ചി: മറൈൻഡ്രൈവ് വാക്ക് വേയുടെ സമീപത്തെ കെട്ടിടങ്ങളിൽ മലിനജല ശുദ്ധീകരണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. മറൈൻഡ്രൈവ് വാക്ക് വേയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത്. ജി. തമ്പി നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയോൺമെന്റൽ എൻജിനീയർ മിനി മേരി സാം ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്.
സത്യവാങ്മൂലത്തിൽ നിന്ന് :
മറൈൻ ഡ്രൈവിലെ ചില കെട്ടിടങ്ങൾ ജി.സി.ഡി.എയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിലേക്ക് കണക്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ പ്ളാന്റിൽ നിന്ന് ട്രീറ്റ് ചെയ്ത് പുറത്തേക്കു വിടുന്ന ജലത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതു ജി.സി.ഡി.എ പരിഹരിച്ചു തുടർ നടപടി റിപ്പോർട്ട് നൽകണം.
ചില കെട്ടിടങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ മാലിന്യ പൈപ്പുകൾ ജി.സി. ഡി.എയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിനോടു ചേർത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പാർപ്പിട സമുച്ചയത്തിലെ സ്വീവേജ് പ്ളാന്റിൽ ഓട്ടോമാറ്റിക് ബ്ളോവർ പ്രവർത്തിക്കുന്നില്ല. ഇവിടെ ശുദ്ധീകരിക്കുന്ന വെള്ളം ശേഖരിക്കാൻ പ്രത്യേക ടാങ്കുമില്ല. ഗാർഡനിംഗിനും ഫ്ളഷിംഗിനുമായി ഈ വെള്ളം ഉപയോഗിക്കുന്നു.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിലെ പോരായ്മകൾ പരിഹരിച്ചശേഷമേ മലിനജലം ശുദ്ധീകരിച്ച് കായലിലേക്ക് ഒഴുക്കാവൂ എന്ന് നിർദ്ദേശം ജി.സി.ഡി.എയ്ക്ക് നൽകിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ മലിനജല പെപ്പ് ജി.സി.ഡി.എയുടെ സ്വീവേജ് പ്ളാന്റുമായി ബന്ധിപ്പിച്ചവർ ഇതിനായി ബോർഡിന്റെ അനുമതി വാങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്.