highcourt

കൊച്ചി : ക്ളാസ് റൂമിൽ വിദ്യാർത്ഥിനി പാമ്പു കടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ, ചില ഗവ. ജില്ലാ, താലൂക്ക് ആശുപത്രികളിൽ പീഡിയാട്രിക് വെന്റിലേറ്ററുണ്ടെന്ന് സർക്കാർ പറഞ്ഞത് തെറ്റാണെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തുർന്ന് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ചുമതലപ്പെടുത്തി. ഹർജി 23ന് വീണ്ടും പരിഗണിക്കും.

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ കഴിഞ്ഞ നവംബർ 20 നാണ് ക്ളാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ചത്. കുട്ടിയെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി വയനാട് ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

സർക്കാർ ആശുപത്രികളിൽ ഇത്തരം കേസുകളിൽ മതിയായ ചികിത്സാസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കുളത്തൂർ ജയ്സിംഗ് പൊതുതാത്പര്യ ഹർജിയും നൽകിയിരുന്നു. സർക്കാർ പേര് വിവരിച്ച ആശുപത്രികളിൽ വിവരാവകാശ നിയമപ്രകാരം ഹർജിക്കാരൻ നൽകിയ അപേക്ഷയിൽ പീഡിയാട്രിക് വെന്റിലേറ്റർ ഇല്ലെന്ന് മറുപടി കിട്ടി. ഇൗ രേഖകൾ ഹാജരാക്കുകയായിരുന്നു.