കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലാ കോളേജിന് വീണ്ടും റാങ്കിന്റെ തിളക്കം. എം.ജി. സർവകലാശാലയുടെ പഞ്ചവത്സര എൽ.എൽ.ബി പരീക്ഷയിൽ രണ്ടും മൂന്നും റാങ്കുകളും ത്രിവത്സര എൽ.എൽ.ബിയിൽ മൂന്നാം റാങ്കും ശ്രീനാരായണ ലാ കോളേജ് വിദ്യാർത്ഥികൾ സ്വന്തമാക്കി. 2015ൽ പുറത്തിറങ്ങിയ ആദ്യബാച്ച് മുതൽ തുടർച്ചയായി എല്ലാ എൽ.എൽ.ബി പരീക്ഷകളിലും ശ്രീനാരായണ ലാ കോളേജ് വിദ്യാർത്ഥികൾ റാങ്കുകൾ കരസ്ഥമാക്കുന്നുണ്ട്.
ബി.എ എൽ.എൽ.ബി പരീക്ഷയിൽ 4491 മാർക്ക് നേടിയ സി.അശ്വതിക്കാണ് രണ്ടാം റാങ്ക്. ആലപ്പുഴ പാതിരിപ്പിള്ളി മുഴങ്ങായിൽ ചന്ദ്രശേഖരന്റെയും ജയയുടെയും മകളാണ് അശ്വതി.
മൂന്നാം റാങ്കുകാരിയായ സാന്ദ്ര സണ്ണിക്ക് 4433 മാർക്ക് ലഭിച്ചു. ഉദയംപേരൂർ മാറാശേരിൽ വീട്ടിൽ എ.വി.സണ്ണിയുടെയും ഷീലയുടെയും മകളാണ് സാന്ദ്ര.
ത്രിവത്സര എൽ.എൽ.ബിക്ക് മൂന്നാം റാങ്ക് നേടിയത് ഷെറിൻ ഷാജഹാനാണ്. നോർത്ത് പറവൂർ മന്നം കരിപ്പറമ്പിൽ കെ.എം.ഷാജഹാന്റെയും ഷൈലയുടെയും മകളാണ്.
2012ലാണ് പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് ആരംഭിച്ചത്. ഗ്രാമപ്രദേശത്തെ കോളേജായിട്ടും അക്കാഡമിക മികവിൽ എന്നും മുന്നിലാണ് എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ലാ കോളേജ്.
ബി.എ. എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി എന്നിങ്ങിനെ മൂന്നു ബാച്ചുകളിലായി 900 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
2020-21 പഞ്ചവത്സര ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ കോളേജിൽ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് : 0484 2794377, 9447739156