corona-pta
ജാഗ്രതയോടെ...

കൊച്ചി /തിരുവനന്തപുരം: ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നു വയസുകാരനും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആറായി.വിവിധ ജില്ലകളിൽ 1116 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 149 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 967 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല.

വിമാനത്താവളത്തിൽ നിന്ന് നേരെ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച മൂന്നുവയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. പിതാവിന് പനി ബാധിച്ചിട്ടുണ്ട്. ഇവർ അടക്കം പതിമ്മൂന്നു പേരാണ് ഈ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.

ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തിന്റെ ഉറ്റബന്ധുക്കളായ രണ്ട് വയോധികരുടെ രക്തപരിശോധനാ ഫലം ലഭിച്ചിട്ടില്ല. 90ഉം 85ഉം വയസുള്ള ഇവരെ മികച്ച പരിചരണം ലഭിക്കാൻ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലാക്കിയിട്ടുണ്ട്.

ഇവരുടെ ബന്ധുകുടുംബത്തിലെ മൂന്നു പേരും മറ്റു രണ്ടു പേരും ഉൾപ്പെടെ ആകെ ഏഴു പേരാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലുള്ളത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റു രണ്ടുപേരും നിരീക്ഷണത്തിലാണ്.

പ്രായമേറിയവർക്ക് കൊറോണ ബാധയുണ്ടായാൽ അപകടമാണ്. ഇവരുടെ ഫലം പോസിറ്റീവ് ആകാൻ സാദ്ധ്യതയേറെയാണെന്നും അങ്ങനെയായാൽ അതൊരു വെല്ലുവിളിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ സ്ഥിരീകരിച്ച മൂന്നുവയസുള്ള കുട്ടിയുടെ അമ്മയുടെ രക്തപരിശോധനാ ഫലവും ലഭിക്കാനുണ്ട്. രോഗബാധിതരായി ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബവും ഇവരിൽ നിന്ന് രോഗം പകർന്ന ബന്ധുക്കളായ ദമ്പതികളും പത്തനംതിട്ട ജന. ആശുപത്രിയിൽ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.50ന് എമിറേറ്റ്സ് എയർലൈനിന്റെ ഇ.കെ 530 വിമാനത്തിലാണ് മൂന്നു വയസുകാരനും മാതാപിതാക്കളും കൊച്ചിയിൽ എത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കുന്ന യൂണിവേഴ്സൽ സ്ക്രീനിംഗിലാണ് കുട്ടിക്ക് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. പ്രത്യേക ആംബുലൻസിൽ കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയുണ്ടായിരുന്ന കുട്ടി രണ്ടുതവണ ഛർദ്ദിച്ചു. ഇന്നലെ പുലർച്ചെയാണ് രോഗബാധ സ്ഥിരീകരിച്ച് റിപ്പോർട്ട് കിട്ടിയത്.

യാത്രാവേളയിലും വിമാനത്തിലും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ നടപടി തുടങ്ങി. ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കും. വിമാനത്താവളത്തിൽ ഇടപഴകിയ ജീവനക്കാർ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി.

രോഗ ബാധിതർ

പത്തനംതിട്ട ജന.ആശുപത്രി: 5

എറണാകുളം മെഡി. കോളേജ്: 1


2 പരിശോധനാ കേന്ദ്രങ്ങൾ

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ. കോഴിക്കോട്ട് ഇന്നും തിരുവനന്തപുരത്ത് ബുധനാഴ്ചയും പരിശോധന തുടങ്ങും.

അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കണ്ണൂരിലും കൊച്ചിയിലും പരിശോധനാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


പരീക്ഷകൾ മാറ്റും

ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റുന്നതിൽ ഇന്ന് അന്തിമ തീരുമാനമാകും. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ല.

നിരീക്ഷണത്തിലുള്ള കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക സംവിധാനം ഒരുക്കും. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ഇങ്ങനെ പരീക്ഷയെഴുതിക്കൂ. അല്ലാത്തവരെ ആശുപത്രിയിലേക്ക് മാറ്റും.