കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫിസിക്‌സ്, അക്കൗണ്ടൻസി ബോർഡ് പരീക്ഷകൾ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ച സാഹചര്യത്തിൽ മൂല്യനിർണയത്തിൽ അനുഭാവസമീപനം സ്വീകരിക്കണമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള ആവശ്യപ്പെട്ടു.
ഫിസിക്‌സിൽ ഏതാനും ബുദ്ധിമുട്ടുള്ള ചോദ്യങ്ങളും അക്കൗണ്ടൻസിയിലെ സമയക്കുറവുമാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഉന്നയിച്ചത്. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അദ്ധ്യാപകരിലുമുണ്ടായ ആശങ്കയും ഭീതിയും ദൂരീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ അധികാരികൾക്ക് കത്ത് നൽകിയതായി നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അറിയിച്ചു.